തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ ആരംഭിക്കുന്ന പൊലീസ് കായിക മേളയ്ക്കായി നടത്തിയ പണപ്പിരിവിൽ ഡിജിപി ഇടപെട്ടു. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള സ്പോൺസർഷിപ്പിലൂടെയും സിഎസ്ആർ ഫണ്ടിലൂടെയും മേളയ്ക്കുള്ള പണം കണ്ടെത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇക്കാര്യം എസ്പിമാരെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ തീരുമാനത്തിന് വിരുദ്ധമായി കൊല്ലത്തും തിരുവനന്തപുരത്തും ചില സബ് ഡിവിഷനുകളിൽ പണപ്പിരിവ് നടത്തിയതായി കണ്ടെത്തി. തിരുവനന്തപുരം റേഞ്ച് ഡിഐജി ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് മേളയുടെ ഫിനാൻസ് കമ്മിറ്റി രൂപീകരിച്ചത്.
കഴിഞ്ഞ ദിവസം ഡിജിപി പങ്കെടുത്ത യോഗത്തിൽ കണക്കുകൾ അവതരിപ്പിക്കുന്നതിനിടെയാണ് ക്രഷർ, ഹോട്ടൽ, ബേക്കറി ഉടമകളിൽ നിന്ന് പണം പിരിച്ചതായി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ ഉദ്യോഗസ്ഥർ ശക്തമായ വിമർശനം ഉന്നയിച്ചു. തുടർന്ന് പിരിച്ചെടുത്ത പണം മുഴുവൻ തിരിച്ചുനൽകാൻ ഡിജിപി നിർദേശം നൽകി. പൊലീസ് സ്പോർട്സ് ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ എടുത്ത് കായിക മേള നടത്താനും തീരുമാനിച്ചു.
പൊലീസുകാരുടെ ശമ്പളത്തിൽ നിന്ന് എല്ലാ മാസവും കായിക ആവശ്യങ്ങൾക്കായി തുക ഈടാക്കുന്നുണ്ട്. കൂടാതെ പൊലീസ് സംഘടനകളുടെ നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങൾക്ക് സിഎസ്ആർ ഫണ്ടും ലഭിക്കുന്നുണ്ട്. ഇതിനിടെയാണ് ക്വാറി ഉടമകൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് പണം പിരിച്ചത് വിവാദമായത്.


