പാലക്കാട്: കോണ്‍ഗ്രസ് പ്രദേശിക നേതാക്കളുമായി ഉണ്ടായ കയ്യാങ്കളിയില്‍ രമ്യാ ഹരിദാസ് എംഎല്‍എ അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരാകാത്തതില്‍ മറുപടി പറയാതെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഡല്‍ഹിയിലാണെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തെയും അന്വേഷണ കമ്മീഷനെയും രമ്യാ ഹരിദാസ് അറിയിച്ചത്. എന്നാല്‍ ഇന്നലെ രമ്യാ ഹരിദാസ് പാലക്കാട് ജില്ലയില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത് സംബന്ധിച്ച ചോദ്യത്തോട് തനിക്കറിയില്ലെന്നും ദൃശ്യങ്ങള്‍ ശ്രദ്ധിച്ചില്ല, അത് തന്റെ കണ്‍സേണ്‍ അല്ലെന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
ആവർത്തിച്ച് ചോദിച്ച മാധ്യമങ്ങളോട് തന്റെ കൺസേൺ അല്ലെന്ന് മന്ത്രി ആവർത്തിച്ച് പറയുകയായിരുന്നു. അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരാകില്ലെന്ന് അറിയിച്ചിരുന്നോയെന്ന ചോദ്യത്തോട് തനിക്കറിയില്ല, അന്വേഷണ കമ്മീഷന് അധ്യക്ഷനായ എം എം ഹസ്സനോട് ചോദിക്കണം എന്നും സണ്ണി ജോസഫ് പറഞ്ഞു. രമ്യാ ഹരിദാസുമായി ബന്ധപ്പെട്ട വിഷയം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതിനാലാണ് രണ്ട് പേര്‍ക്കുമെതിരെ നടപടിയെടുത്തതെന്നും പറഞ്ഞ് സണ്ണി ജോസഫ് ഒഴിഞ്ഞുമാറി.




