കൊച്ചി: ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. സംഭവത്തിൽ പുതുക്കലവട്ടം പാറയിൽ റോഡ് പുളിക്കൽ വീട്ടിൽ ആൻസൺ ആന്റണി (39) അറസ്റ്റിലായി. ഇയാളിൽ നിന്ന് 30.430 ഗ്രാം എംഡിഎംഎ, 10.8 ഗ്രാം കഞ്ചാവ്, 1.40 ഗ്രാം ചരസ് എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്.
എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ പുതുക്കലവട്ടത്തുള്ള പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് പൊലീസ് അറിയിച്ചു. എംഡിഎംഎ വാണിജ്യ അളവിലുള്ളതിനാൽ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമ്മീഷണർമാരായ മോഹിത് റാവത്ത്, അരുൺ കെ. പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു നടപടി. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും എംഡിഎംഎ എവിടെ നിന്നാണ് ലഭിച്ചതെന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.


