ഭോപ്പാൽ: ഗംഗാ നദിയിൽ വെച്ച് ചിക്കൻ ബിരിയാണി കഴിക്കുന്നത് ഒരു കുറ്റമായി കാണാൻ കഴിയില്ലെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ. ഗംഗാ നദിയിൽ ഒരു ഹൗസ് ബോട്ടിൽ വെച്ച് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു എന്നതിന് മുസ്ലിം യുവാക്കളെ മാസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഈ സംഭവത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം. ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയിൽ അഞ്ചാമത് ജസ്റ്റിസ് ജി പി സിങ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നദിയിൽ വെച്ച് ചിക്കൻ ബിരിയാണി കഴിക്കുന്നത് ഒരു നിയമവും തടയുന്നില്ല. നിയമപ്രകാരം കുറ്റകരമല്ലാത്ത കാര്യങ്ങളുടെ പേരിൽ വ്യക്തികൾ മാസങ്ങളോളം തടവിൽ കഴിയേണ്ടിവരുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഇത്തരം കേസുകൾ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും പൊതുജനങ്ങൾ ഇവ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.



