മുംബൈ: മഹാരാഷ്ട്രയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു. ഭണ്ഡാരയിലും നാന്ദേഡിലുമാണ് അപകടങ്ങൾ ഉണ്ടായത്. ഭണ്ഡാരയിലെ പിമ്പാൽഗാവിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഛത്തീസ്ഗഡിൽ നിന്ന് റായ്പൂർ വഴി നാഗ്പൂരിലേക്ക് പോകുകയായിരുന്ന വാനും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന മൂന്ന് കുട്ടികൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു.
നാന്ദേഡിലും പാസഞ്ചർ വാനും ട്രക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി. രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആറ് പേർ മരിച്ചു. എട്ട് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അപകടങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം നൽകും.












