മുംബൈ: പ്രഖ്യാപനം മുതൽ തന്നെ ശ്രദ്ധ നേടിയ ബിഗ് ബജറ്റ് ചിത്രം ‘രാമായണ’യുടെ ട്രെയിലർ ജൂലൈ 30ന് പുറത്തിറങ്ങും. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുലർച്ചെ 4.15ന് ബ്രഹ്മമുഹൂർത്തത്തിലാണ് റിലീസ് ചെയ്യുന്നത്.
രണ്ട് ഭാഗങ്ങളായാണ് ‘രാമായണ’ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സും വലിയ തുകയ്ക്കാണ് വിറ്റുപോയത്. ടി-സീരീസ് 75 കോടി രൂപയുടെ അഡ്വാൻസ് കരാറിലൂടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. ഇത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഇടപാടുകളിലൊന്നാണെന്നും വിവരമുണ്ട്.
ചിത്രത്തിന്റെ ഇന്ത്യൻ വിതരണാവകാശം കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് സ്വന്തമാക്കി. 250 കോടി രൂപയ്ക്കാണ് ഈ അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഓവർസീസ് വിതരണാവകാശം വാർണർ ബ്രോസ് പിക്ചേഴ്സിനാണ്.
നിതേഷ് തിവാരിയാണ് ‘രാമായണ’ സംവിധാനം ചെയ്യുന്നത്. രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും എത്തുന്നു. യഷ് രാവണന്റെ വേഷത്തിൽ അഭിനയിക്കുമ്പോൾ സണ്ണി ഡിയോൾ ഹനുമാനായി എത്തുന്നു. മലയാളത്തിന്റെ പ്രിയ താരം ശോഭന കൈകേയിയുടെ വേഷത്തിലാണ് എത്തുന്നത്.
ദശരഥ മഹാരാജാവായി അരുൺ ഗോവിലും ചിത്രത്തിലുണ്ട്. രവി ദുബെ ലക്ഷ്മണനായും രാകുൽ പ്രീത് സിംഗ് ശൂർപ്പണഖയായും അജിങ്ക്യ ഡിയോ വിശ്വാമിത്ര മഹർഷിയായും കുനാൽ കപൂർ ഇന്ദ്രനായും വേഷമിടുന്നു.
പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഓസ്കർ പുരസ്കാരം നേടിയ വിഷ്വൽ എഫക്റ്റ്സ് സ്റ്റുഡിയോ ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.



