ന്യൂഡൽഹി: നീറ്റ് യു.ജി. പരീക്ഷാഫലത്തിൽ ഗുരുതര ക്രമക്കേടുകൾ ആരോപിച്ച് വിദ്യാർഥി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) ഔദ്യോഗിക പോർട്ടലിൽ 24 മണിക്കൂറിനുള്ളിൽ തന്റെ മാർക്ക് മൂന്ന് തവണ മാറിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഹർജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.
ഹർജിപ്രകാരം, എൻ.ടി.എയുടെ പോർട്ടലിൽ ആദ്യം 650 മാർക്ക് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അത് 500 ആയും തുടർന്ന് 135 ആയും മാറി. പോർട്ടലിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ഒ.എം.ആർ ഷീറ്റ് പരീക്ഷാഹാളിൽ താൻ പൂരിപ്പിച്ചതല്ലെന്നും വിദ്യാർഥി ആരോപിക്കുന്നു.
ജൂൺ 21ന് നടന്ന നീറ്റ് പുനഃപരീക്ഷയിലാണ് വിദ്യാർഥി പങ്കെടുത്തത്. എൻ.ടി.എ പ്രസിദ്ധീകരിച്ച ഉത്തരസൂചിക പരിശോധിച്ചപ്പോൾ ഏകദേശം 620 മാർക്ക് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ജൂലൈ 16ന് ഫലം പ്രസിദ്ധീകരിച്ചപ്പോൾ ആദ്യം 650 മാർക്ക് കാണിച്ചുവെന്നും പിന്നീട് വീണ്ടും ലോഗിൻ ചെയ്തപ്പോൾ അത് 500 ആയി കുറഞ്ഞുവെന്നും ഹർജിയിൽ പറയുന്നു. അടുത്ത ദിവസം പരിശോധിച്ചപ്പോൾ മാർക്ക് വീണ്ടും 135 ആയി കുറഞ്ഞതായും വിദ്യാർഥി ആരോപിക്കുന്നു.
നിലവിൽ എൻ.ടി.എയുടെ വെബ്സൈറ്റിൽ ലഭ്യമായ ഡിജിറ്റൽ ഒ.എം.ആർ ഷീറ്റ് വ്യാജമാണെന്നാണ് ഹർജിയിലെ മറ്റൊരു ആരോപണം. പരീക്ഷാഹാളിൽ സമർപ്പിച്ച യഥാർഥ ഒ.എം.ആർ ഷീറ്റും അനുബന്ധ രേഖകളും കോടതിയിൽ ഹാജരാക്കാനും അവ സംരക്ഷിക്കാൻ എൻ.ടി.എയ്ക്ക് നിർദേശം നൽകണമെന്നും അഭിഭാഷകൻ വിനീത് ജിൻഡാൽ മുഖേന സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.



