തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട പുതിയ കണക്കുകൾ പുറത്തുവിട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. കനത്ത മഴയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 8 പേർ മരിച്ചതായും 8 പേരെ കാണാതായതായും റിപ്പോർട്ട്.
മഴക്കെടുതിയിൽ 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്ത് 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നതായി ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. നിലവിൽ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരാണ് കഴിയുന്നത്.
തുടർന്നുള്ള ദിവസങ്ങളിലും മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജില്ലാതലങ്ങളിൽ ജാഗ്രതാ നടപടികൾ തുടരുകയാണ്.




