പത്തനംതിട്ട: പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരിതാശ്വാസ ക്യാമ്പുകളിലെത്തി പ്രളയബാധിതരുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി, റാന്നിയിലെ വ്യാപാരികളുടെ പരാതികളും നേരിട്ട് കേട്ടു.
പ്രളയം മൂലമുണ്ടായ കാർഷിക മേഖലയിലെ നഷ്ടവും വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികളും നാളത്തെ മന്ത്രിസഭാ യോഗത്തിൽ പ്രത്യേകമായി ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരിതബാധിതർക്കുള്ള സഹായ നടപടികൾ സംബന്ധിച്ച് തീരുമാനമെടുത്ത് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരും ജനപ്രതിനിധികളും വിളിച്ചാൽ ഏത് സമയത്തും സഹായത്തിനായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തബാധിത പ്രദേശങ്ങളിലെ സാഹചര്യം സർക്കാർ നിരന്തരം വിലയിരുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 24 മണിക്കൂറിനിടെ 204.4 മില്ലിമീറ്ററിലധികം മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ജാഗ്രത തുടരണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.




