തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ച് യെല്ലോ അലർട്ടാക്കി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെല്ലോ അലർട്ടും പിൻവലിച്ചിട്ടുണ്ട്.
നിലവിൽ സംസ്ഥാനത്തെ 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് തുടരുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലവിലുള്ളത്.
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസവും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച (ഓഗസ്റ്റ് 6) കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും തുടരും.
വെള്ളിയാഴ്ച (ഓഗസ്റ്റ് 7) കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, മഴയുടെ ശക്തി കുറഞ്ഞതോടെ മധ്യകേരളത്തിലെ പ്രളയസാഹചര്യത്തിൽ നേരിയ ആശ്വാസമുണ്ട്. ആറന്മുളയിലും റാന്നിയിലും വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും സ്ഥിതി പൂർണമായും സാധാരണ നിലയിലാകാൻ രണ്ട് ദിവസം കൂടി വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ദുരിതബാധിത പ്രദേശങ്ങളിൽ വീടുകൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. ഇടുക്കി ജില്ലയിൽ രാത്രികാല യാത്രയ്ക്കും ഖനന പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിലവിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.




