കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിന് ലാൻഡിംഗിന് തൊട്ടുമുമ്പ് സംഭവിച്ച ശക്തമായ ഉലച്ചിലും യാത്രക്കാർക്ക് പരിക്കേറ്റ സംഭവവും വാർത്തകളിൽ നാം കണ്ടതാണ്. ഇതേത്തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. പുറത്ത് ഇടിമിന്നലോ ഭീമാകാരമായ മഴമേഘങ്ങളോ ഒന്നുമില്ലാതെ, തെളിഞ്ഞ ആകാശത്ത് വച്ച് വിമാനം പെട്ടെന്ന് നിയന്ത്രണം വിട്ടതുപോലെ കുലുങ്ങിയതിന് പിന്നിൽ ‘ക്ലിയർ എയർ ടർബലൻസ്’ അഥവാ ‘സംശുദ്ധ വായുവിക്ഷോഭം’ എന്ന അദൃശ്യ അന്തരീക്ഷപ്രതിഭാസമാണ്. വിമാനയാത്രകൾ നടത്തുന്നവരാണ് നിങ്ങളെങ്കിൽ ചിലപ്പോൾ അനുഭവിച്ചും കാണും. എന്താണ് ഇതിന് പിന്നിലെ കാരണം? സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ഭീതിയുണ്ടാക്കുന്ന, എന്നാൽ ശാസ്ത്രലോകം വളരെ ഗൗരവത്തോടെ വീക്ഷിക്കുന്ന ഈ അദൃശ്യ ആകാശച്ചുഴിയെക്കുറിച്ച് നമുക്ക് നോക്കാം.
വിമാനം സഞ്ചരിക്കുന്ന പാതയിലെ വായുപ്രവാഹത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ക്രമരഹിതമായ ചലനങ്ങളെയാണ് എയർ ടർബലൻസ് എന്ന് വിളിക്കുന്നത്. സമുദ്രത്തിലെ തിരമാലകളിൽ പെട്ട് കപ്പലുകൾ ഉലയുന്നത് പോലെ, അന്തരീക്ഷത്തിലെ വായുചുഴികളിൽ പെട്ട് വിമാനം ആടുകയോ പെട്ടെന്ന് താഴേക്ക് പതിക്കുകയോ കുലുങ്ങുകയോ ചെയ്യുന്ന അവസ്ഥയാണിത്.
സാധാരണയായി വിമാനയാത്രയ്ക്കിടയിൽ അനുഭവപ്പെടുന്ന കുലുക്കങ്ങൾ ഇടിമിന്നൽ മേഘങ്ങളുമായോ കനത്ത മഴയുമായോ ബന്ധപ്പെട്ടവയാണ്. ഇത്തരം ഘട്ടങ്ങളിൽ വിമാനത്തിലെ കാലാവസ്ഥാ റഡാറുകൾ ഉപയോഗിച്ച് അപകടമേഖല മുൻകൂട്ടി തിരിച്ചറിയാനും ഒഴിവാക്കാനും പൈലറ്റുമാർക്ക് സാധിക്കും. എന്നാൽ സംശുദ്ധ വായുവിക്ഷോഭം ഇതിൽനിന്നും തികച്ചും വ്യത്യസ്തമാണ്. മഴയോ മേഘങ്ങളോ ഇല്ലാത്ത, കണ്ണുകൾക്ക് കാണാൻ സാധിക്കാത്ത അദൃശ്യമായ വായുചുഴികളാണ് ഇതിന് കാരണം. റഡാറുകളിൽ പോലും തെളിയാത്ത സൂചനകളായതുകൊണ്ടുതന്നെ, ആധുനിക വ്യോമഗതാഗത മേഖല നേരിടുന്ന ഏറ്റവും പ്രവചനപ്രയാസമുള്ളതും അപകടകരവുമായ വെല്ലുവിളികളിലൊന്നായാണ് ശാസ്ത്രം ഇതിനെ കണക്കാക്കുന്നത്. പലപ്പോഴും ഇത്തരം ടർബലൻസുകൾ വളരെ അപകടകാരികളാകുകയും ജീവൻ പോലും എടുക്കാൻ ശേഷിയുള്ളവയുമായി മാറാറുണ്ട്. സീറ്റ് ബെൽറ്റ് ഇടാത്ത സമയത്താണ് സംഭവിക്കുന്നതെങ്കിൽ കഴുത്തിനടക്കം ഗുരുതര പരിക്കുകൾക്കും സാധ്യതയുണ്ട്.
ഇത് എവിടെയാണ് രൂപപ്പെടുന്നത്, എന്തുകൊണ്ടാണ് മുൻകൂട്ടി കാണാൻ സാധിക്കാത്തത്, കാലാവസ്ഥാവ്യതിയാനം ഇതിനെ സ്വാധീനിക്കുന്നുണ്ടോ തുടങ്ങിയ സംശയങ്ങൾക്കുള്ള ഉത്തരം അന്തരീക്ഷത്തിന്റെ ഘടനയിലാണ് ഒളിഞ്ഞിരിക്കുന്നത്. സാധാരണയായി ഭൂമിയിൽ നിന്ന് ഏകദേശം 10 മുതൽ 12 കിലോമീറ്റർ വരെ ഉയർന്ന പ്രദേശങ്ങളിലാണ് ദീർഘദൂര വാണിജ്യ വിമാനങ്ങൾ സഞ്ചരിക്കുന്നത്. ട്രോപോസ്ഫിയറിനെയും സ്ട്രാറ്റോസ്ഫിയറിനെയും വേർതിരിക്കുന്ന ‘ട്രോപോപോസ്’ എന്ന അന്തരീക്ഷമേഖലയാണിത്. ഇതേ ഉയരത്തിലൂടെയാണ് മണിക്കൂറിൽ 300 മുതൽ 400 കിലോമീറ്ററിലധികം വേഗതയിൽ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ശക്തിയായി വീശുന്ന അദൃശ്യ വായുപ്രവാഹങ്ങളും ഒഴുകുന്നത്.
ഈ വായുപ്രവാഹങ്ങൾ എപ്പോഴും ഒരേ വേഗത്തിലോ ദിശയിലോ ആയിരിക്കില്ല ഒഴുകുന്നത്. അവയുടെ അരികുകളിൽ വളരെ ചെറിയ അകലത്തിനുള്ളിൽത്തന്നെ കാറ്റിന്റെ വേഗതയിലും ദിശയിലും പെട്ടെന്ന് വലിയ വ്യതിയാനങ്ങൾ സംഭവിക്കാം. ഇതിനെ ‘വിൻഡ് ഷിയർ’ അഥവാ ‘കാറ്റിന്റെ ലംബപ്രവേഗ വ്യതിയാനം’ എന്ന് വിളിക്കുന്നു. കാറ്റിന്റെ വേഗതയിലുണ്ടാകുന്ന ഈ പെട്ടെന്നുള്ള മാറ്റം കാരണം വായുപാളികളുടെ സന്തുലിതാവസ്ഥ തെറ്റുകയും, ചെറുതും വലുതുമായ ശക്തമായ വായുചുഴികൾ രൂപപ്പെടുകയും ചെയ്യുന്നു. പുറത്തുനിന്ന് നോക്കുമ്പോൾ ആകാശം തികച്ചും ശാന്തമായി തോന്നുമ്പോഴും, ഈ അദൃശ്യ ചുഴികളിലേക്ക് കടക്കുന്നതോടെ വിമാനത്തിന് പെട്ടെന്ന് ശക്തമായ കുലുക്കം അനുഭവപ്പെടാൻ കാരണം ഇതാണ്.
ഇതിനുപുറമെ, വൻ മലനിരകൾക്കുമുകളിലൂടെ ശക്തമായ കാറ്റ് വീശുമ്പോൾ രൂപപ്പെടുന്ന ‘ഗുരുത്വതരംഗങ്ങൾ’, ‘റോസ്സ്ബി തരംഗങ്ങളിലെ’ വ്യതിയാനങ്ങൾ, അന്തരീക്ഷത്തിന്റെ ഉയർന്ന തട്ടുകളിലെ മറ്റ് അസ്ഥിരതകൾ എന്നിവയും ഇത്തരം അദൃശ്യ ചുഴികൾക്ക് വഴിവെക്കാറുണ്ട്. കൂടാതെ, ലോകമെമ്പാടും വർദ്ധിച്ചുവരുന്ന ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഈ പ്രതിഭാസത്തിന്റെ ആവൃത്തിയും തീവ്രതയും കൂട്ടുന്നുണ്ടെന്നാണ് പുതിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. വലിയ വിമാനങ്ങൾ സഞ്ചരിച്ചു പോയ തൊട്ടുപിന്നാലെ രൂപപ്പെടുന്ന വായുചുഴികളിൽ ചെറിയ വിമാനങ്ങൾ അകപ്പെടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.
വിമാനം കുറച്ച് ശക്തമായി കുലുങ്ങുന്ന, ലഗേജുകളും ഭക്ഷണ സാധനങ്ങളും തെറിച്ചു പോകുന്ന അവസ്ഥയാണ് മോഡറേറ്റ് ടർബലൻസ്. വിമാനത്തിന്റെ നിയന്ത്രണം താത്കാലികമായി ബുദ്ധിമുട്ടിലാകുകയും യാത്രക്കാർ സീറ്റിൽ നിന്ന് ഉയർന്നുപൊന്തുകയും ചെയ്യുന്ന അവസ്ഥയാണ് സിവിയർ ടർബലൻസ്. വിമാന യാത്രയിലുടനീളം, പ്രത്യേകിച്ച് ‘സീറ്റ് ബെൽറ്റ്’ സൈൻ ഓഫായാൽ പോലും നിങ്ങളുടെ സീറ്റ് ബെൽറ്റ് അയവില്ലാതെ ധരിച്ചിരിക്കുക എന്നത് മാത്രമാണ് യാത്രക്കാർക്ക് ചെയ്യാവുന്ന മുൻകരുതൽ. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ക്ലിയർ എയർ ടർബലൻസിൽ നിന്നും പരിക്കേൽക്കാതിരിക്കാൻ ഇത് സഹായിക്കും.
ഈ അദൃശ്യപ്രതിഭാസത്തെ പൂർണ കൃത്യതയോടെ മുൻകൂട്ടി പ്രവചിക്കുക എന്നത് അന്തരീക്ഷശാസ്ത്രജ്ഞർക്ക് ഇന്നും കടുപ്പമേറിയ വെല്ലുവിളിയാണ്. സാധാരണ റഡാറുകളിൽ ഇത് തെളിയാത്തതിനാൽ ഒരൊറ്റ ഉപകരണം മാത്രം ഉപയോഗിച്ച് അപകടസാധ്യത മുൻകൂട്ടി അറിയാൻ കഴിയില്ല. ഉപഗ്രഹങ്ങൾ, മറ്റ് വിമാനങ്ങളിൽ നിന്നുള്ള തത്സമയ സന്ദേശങ്ങൾ തുടങ്ങി വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ ഏകോപിപ്പിച്ചാണ് നിലവിൽ വിമാനക്കമ്പനികളും കാലാവസ്ഥാ കേന്ദ്രങ്ങളും അപകടസാധ്യത വിലയിരുത്തുന്നത്. ഇതിന് പ്രായോഗികമായ ചില പരിമിതികളുണ്ടെങ്കിലും, ലേസർ സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് ഇത്തരം അദൃശ്യ ചുഴികൾ മുൻകൂട്ടി തിരിച്ചറിയാനുള്ള അടുത്ത തലമുറ മുന്നറിയിപ്പു സംവിധാനങ്ങളുടെ ഗവേഷണങ്ങൾ ലോകമെമ്പാടും വേഗത്തിൽ പുരോഗമിക്കുകയാണ്.
ആധുനിക വാണിജ്യ വിമാനങ്ങൾ ഇത്തരം കടുത്ത വായുവിക്ഷോഭങ്ങളെപ്പോലും അതിജീവിക്കാൻ തക്ക ശക്തമായ നിർമ്മാണ സാങ്കേതികവിദ്യയോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ ടർബലൻസ് കാരണം വിമാനങ്ങൾക്ക് ഘടനാപരമായ അപായം സംഭവിക്കുന്നത് വളരെ അപൂർവ്വമാണ്.
ചുരുക്കത്തിൽ, തെളിഞ്ഞ ആകാശത്തെ ഈ അദൃശ്യ വായുചുഴികൾ വ്യോമയാന മേഖലയ്ക്ക് വലിയൊരു വെല്ലുവിളിയാണെങ്കിലും ഭയപ്പെടേണ്ടതില്ല. വിമാനങ്ങളുടെ ശക്തമായ നിർമ്മാണരീതിയും പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലുകളും വലിയ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നുണ്ട്. യാത്രയിലുടനീളം സീറ്റ് ബെൽറ്റ് ധരിക്കുക എന്ന ലളിതമായ സുരക്ഷാ ശീലം പാലിച്ചാൽ, ഇത്തരം അപ്രതീക്ഷിത വായുവിക്ഷോഭങ്ങളിൽ നിന്ന് യാത്രക്കാർക്ക് പൂർണ്ണ പരിരക്ഷ ഉറപ്പാക്കാൻ സാധിക്കും.




