ഇടുക്കി: മലങ്കര ഡാമിൽ രാസമാലിന്യം കലർന്ന സംഭവത്തിൽ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. വെളിയാമറ്റം പഞ്ചായത്തിലെ പ്ലൈവുഡ് ഫാക്ടറി അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഫാക്ടറി തുറന്ന് പ്രവർത്തിക്കരുതെന്നാണ് നിർദേശം.
ദുരന്തനിവാരണ നിയമപ്രകാരമാണ് ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചത്. ഫാക്ടറിയിൽ നിന്നുണ്ടായ ഓയിൽ ചോർച്ചയെ തുടർന്ന് ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലായിരിക്കുകയാണ്. സംഭവത്തിൽ പ്ലൈവുഡ് കമ്പനി ഉടമ റിയാദിനെതിരെ കാഞ്ഞാർ പൊലീസ് കേസെടുത്തു. ഫാക്ടറിയിൽ നിന്ന് പുറത്തുവന്ന രാസമാലിന്യം മലങ്കര ജലാശയത്തിൽ കലർന്നതിനെ തുടർന്നാണ് നടപടി.
മലങ്കര ജലാശയത്തെ ആശ്രയിച്ചാണ് ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നത്. മലിനീകരണത്തെ തുടർന്ന് കുടിവെള്ള വിതരണത്തെ ബാധിക്കാതിരിക്കാൻ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്.




