കൊല്ലം: നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കുളത്തൂപ്പുഴ നെല്ലിമൂട് ആകാശ് ഭവനിൽ സുരേഷ്–അജിത ദമ്പതികളുടെ മകൻ ആകാശ് (22) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെ അഞ്ചൽ–കുളത്തൂപ്പുഴ മലയോര ഹൈവേയിലെ പത്തടിയിലാണ് അപകടം നടന്നത്. അഞ്ചലിൽ നിന്ന് കുളത്തൂപ്പുഴയിലേക്ക് വരികയായിരുന്ന ആകാശിന്റെ ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആകാശ് റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണം. ബംഗളൂരുവിൽ അവസാന വർഷ ബിരുദ വിദ്യാർഥിയായിരുന്നു ആകാശ്.











