ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. പരീക്ഷാ നടത്തിപ്പ് കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കുന്നതിനായി എൻടിഎയിൽ ശക്തമായ സംവിധാനങ്ങൾ ഒരുക്കുമെന്ന് യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു.
നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിലെ പേപ്പർ ചോർച്ച, ആൾമാറാട്ടം, പരീക്ഷാ തട്ടിപ്പ് തുടങ്ങിയ ക്രമക്കേടുകൾ തടയുന്നതിനായി വിജിലൻസ്, ഇൻവെസ്റ്റിഗേഷൻ, ഫോറൻസിക്സ് വിഭാഗങ്ങളിൽ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കാനാണ് തീരുമാനം. ഇതിനായി പുതിയ ജനറൽ മാനേജർ തസ്തികകൾ സൃഷ്ടിക്കാനും എൻടിഎ തീരുമാനിച്ചിട്ടുണ്ട്.
പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള സംഭവങ്ങൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗങ്ങളെ നിയോഗിക്കും. സിബിഐ, ഐബി, ഇഡി, സൈബർ ക്രൈം വിഭാഗങ്ങൾ, സംസ്ഥാന പൊലീസ് തുടങ്ങിയ അന്വേഷണ ഏജൻസികളുമായി ഏകോപിച്ചായിരിക്കും അന്വേഷണം.
പരീക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനം കൂടുതൽ കുറ്റമറ്റതാക്കുന്നതിനും സൈബർ സുരക്ഷ ശക്തമാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. സൈബർ ആക്രമണങ്ങൾ നിരീക്ഷിക്കുക, പരീക്ഷാ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, ടെക്നോളജി വെൻഡർമാരുടെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുക തുടങ്ങിയ ചുമതലകളും പുതിയ ഉദ്യോഗസ്ഥർക്കുണ്ടാകും.
24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ സംവിധാനവും കൂടുതൽ ശക്തമാക്കും. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ, സോഷ്യൽ മീഡിയ വിവരങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയും പരിശോധിക്കും.
വിദ്യാർത്ഥികളോട് കൂടുതൽ ഉത്തരവാദിത്തത്തോടെയും കാര്യക്ഷമമായും ഇടപെടുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തതായി മന്ത്രി അറിയിച്ചു.
ചോദ്യപേപ്പർ ചോർച്ചയും തുടർന്നുണ്ടായ വിവാദങ്ങളും എൻടിഎയുടെ കാര്യക്ഷമതയെ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം സംവിധാനങ്ങൾ പുനഃസംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നത്. എൻടിഎയുടെ ഘടനാപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് കൂടുതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കേന്ദ്രം നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.




