ലണ്ടൻ: ഫിഫ ലോകകപ്പ് ആവേശത്തിന് പിന്നാലെ യൂറോപ്പിലെ പ്രധാന ഫുട്ബോൾ ലീഗുകൾ പുതിയ സീസണിലേക്ക്. യൂറോപ്പിലെ മുൻനിര ലീഗുകളായ ലാ ലിഗ, പ്രീമിയർ ലീഗ്, ലീഗ് വൺ, സീരി എ, ബുണ്ടസ്‌ലിഗ എന്നിവ ആഗസ്ത് 15 മുതൽ വിവിധ ദിവസങ്ങളിലായി ആരംഭിക്കും.
ആഗസ്ത് 15ന് ലാ ലിഗ
യൂറോപ്പിലെ 5 മുൻനിര ലീഗുകളിൽ ആദ്യം തുടങ്ങുക സ്പാനിഷ് ലാ ലിഗയാണ്. ആഗസ്ത് 15 ന് അലാവെസ് ടീം ഗെറ്റാഫെയെ നേരിടുന്നതോടെയാണ് പുതിയ സീസണിന് തുടക്കമാകുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയുടെ ആദ്യ മത്സരം അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരെയാണ്. ലോകകപ്പിൽ പങ്കെടുത്ത താരങ്ങളുടെ എണ്ണം ടീമിൽ കൂടുതലായതിനാൽ ആഗസ്ത് 27 ലേക്ക് മത്സരം മാറ്റിയിട്ടുണ്ട്.
പ്രീമിയർ ലീഗ് ആഗസ്ത് 22 ന്
നിലവിലെ ചാമ്പ്യന്മാരായ ആഴ്സണൽ ആഗസ്ത് 22 ന് പ്രമോട്ടഡ് ടീമായ കോവൻട്രി സിറ്റിക്കെതിരെ ഇറങ്ങുന്നതോടെ പ്രീമിയർ ലീഗ് സീസണിന് തുടക്കമാകും. ഇതിന് അഞ്ച് ദിവസം മുമ്പ് ആഗസ്ത് 16 ന് ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും കമ്മ്യൂണിറ്റി ഷീൽഡിൽ ഏറ്റുമുട്ടും. കാർഡിഫിലെ പ്രിൻസിപ്പാലിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.
ലീഗ് വണ്ണും 22ന്
ഫ്രാൻസിലെ ലീഗ് വൺ ആഗസ്ത് 22ന് ആരംഭിക്കും. ആദ്യ മത്സരത്തിൽ മാർസെയ്ൽ ടീം സ്ട്രാസ്ബർഗിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി ആഗസ്ത് 24 ന് റെന്നെസിനെതിരെ ഇറങ്ങും. ഇതിന് മുമ്പ് ആഗസ്ത് 17 ന് പിഎസ്ജി ടീം ലെൻസിനെതിരെ ട്രോഫി ഡെസ് ചാംപ്യൻസിൽ ഏറ്റുമുട്ടും.
ഇറ്റലിയിലെ സീരി എയും ആഗസ്ത് 22 ന്
ഇറ്റലിയിലെ സീരി എയും ആഗസ്ത് 22 ന് ആരംഭിക്കും. ഇന്റർ മിലാൻ-മോൻസ ടീമുകളുടെയും, ഉഡിനീസെ-കോമോ ടീമുകളുടെയും മത്സരങ്ങളാണ് ആദ്യ ദിനമുണ്ടാകും. നിലവിലെ ചാമ്പ്യന്മാരായ ഇന്റർ മിലാൻ കിരീടം നിലനിർത്താനാണ് ഇറങ്ങുന്നത്.
ബുണ്ടസ്‌ലിഗ ആഗസ്ത് 29 ന്
മുൻനിര ലീഗുകളിൽ ഏറ്റവും ഒടുവിൽ ആരംഭിക്കുന്നത് ജർമൻ ബുണ്ടസ്‌ലിഗയാണ്. ആഗസ്ത് 29 ന് നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് സ്വന്തം തട്ടകത്തിൽ വിഎഫ്ബി സ്റ്റ്യൂട്ട്ഗാർട്ടിനെ നേരിടും.


