ഗുരുവായൂർ: ഗുരുവായൂരപ്പന് പുതിയ മോഡൽ ഇലക്ട്രിക് ഓട്ടോ വഴിപാടായി സമർപ്പിച്ച് മഹീന്ദ്ര. ഗുരുവായൂർ ക്ഷേത്രത്തിലെ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഓട്ടോയുടെ താക്കോലും രേഖകളും ഏറ്റുവാങ്ങി. ആറ് വർഷത്തെ വാറണ്ടിയുള്ള ഓട്ടോയ്ക്ക് ഒറ്റ ചാർജിൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്ന് കമ്പനി അറിയിച്ചു.
ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി കോർപ്പറേറ്റ് സെയിൽസ് ഹെഡ് ഗണേഷ്, ഭാരത് മോട്ടോർ എം.ഡി അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു. മഹീന്ദ്ര ഇതിന് മുമ്പും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വാഹനങ്ങൾ വഴിപാടായി നൽകിയിട്ടുണ്ട്. മഹീന്ദ്രയുടെ എക്സ്‌യുവി 700, ലിമിറ്റഡ് എഡിഷൻ ഥാർ, ട്രയോ പ്ലസ് ഓട്ടോ എന്നിവ നേരത്തെ ക്ഷേത്രത്തിന് സമർപ്പിച്ചിരുന്നു.
വാഹനങ്ങൾ, ആഭരണങ്ങൾ, മറ്റ് വിവിധ വസ്തുക്കൾ എന്നിവ ഭക്തർ ഗുരുവായൂരപ്പന് വഴിപാടായി നൽകാറുണ്ട്. കഴിഞ്ഞ മാസം തിരുവനന്തപുരത്തുനിന്നുള്ള ഭക്തർ ചന്ദനം അരയ്ക്കുന്നതിനുള്ള ഉപകരണം ക്ഷേത്രത്തിന് സമർപ്പിച്ചിരുന്നു.
ജൂണിൽ തിരുപ്പൂരിൽ നിന്നുള്ള വ്യവസായി കല്ലുകൾ പതിച്ച സ്വർണക്കിരീടവും നന്തിലത്ത് ഗ്രൂപ്പ് ഉടമ മറ്റൊരു സ്വർണക്കിരീടവും വഴിപാടായി നൽകി. കോയമ്പത്തൂർ സ്വദേശിയായ ഭക്തൻ വാട്ടർ കൂളറും ഫ്രീസറും ക്ഷേത്രത്തിന് സമർപ്പിച്ചിരുന്നു.




