കൊല്ലം: കൊല്ലത്തെ സ്ത്രീധന പീഡന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചവറ സ്വദേശിനിയായ യുവതിയുടെ വീട്ടിൽനിന്ന് പ്രതി നന്ദു ദിനേശ് 25 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കൈപ്പറ്റിയെന്നാണ് വിവരം. യുവതിയെ നാട്ടിലെത്തിക്കുന്നതിന് മുമ്പ് ബാക്കിയുണ്ടായിരുന്ന പണവും നന്ദു സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായാണ് വിവരം. 20 പവനിലധികം ആഭരണങ്ങൾ പ്രതിയുടെ വീട്ടിലുണ്ടെന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് കേസെടുത്തതിന് പിന്നാലെ നന്ദുവിന്റെ വീട് പൂട്ടിയ നിലയിലാണ്. മാതാപിതാക്കളും സ്ഥലത്തില്ലെന്നാണ് വിവരം. സംഭവത്തിൽ ചവറ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടികളും പൊലീസ് തുടങ്ങി. നന്ദു ഇന്നലെ സൗദിയിൽനിന്ന് നാട്ടിലെത്തുമെന്നായിരുന്നു വിവരം ലഭിച്ചിരുന്നത്. എന്നാൽ, നെടുമ്പാശേരിയിൽ എത്തിയില്ല. ഇതേത്തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത്. നന്ദുവിന്റെ പിതാവ് ദിനേശ്, മാതാവ് ജഗതമ്മ എന്നിവരെ കസ്റ്റഡിയിലെടുക്കാനും പൊലീസ് നീക്കം നടത്തുന്നുണ്ട്.
നന്ദുവിന്റെ വീട്ടിൽ ഇന്ന് രാവിലെയും പൊലീസ് എത്തിയിരുന്നു. വീട് പൂട്ടിയ നിലയിലായതിനാൽ പൊലീസ് മടങ്ങി. ഇരുവരെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വ്യക്തമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിലും നന്ദുവിനായി പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. സൗദിയിലെ ഇന്ത്യൻ എംബസിയുമായി ചവറ പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. നന്ദുവിന്റെ പാസ്‌പോർട്ട് വിവരങ്ങളും മറ്റ് രേഖകളും പൊലീസ് ശേഖരിച്ചതായാണ് വിവരം.
അതേസമയം, പുത്തൻതുറ സ്വദേശിനിയായ അഞ്ചുവിന് ഭർത്താവിൽനിന്ന് നേരിടേണ്ടിവന്നത് ക്രൂരമായ മർദനമാണെന്നാണ് പരാതി. യുവതിയുടെ ശരീരമാസകലം മർദനത്തിന്റെ പാടുകളുണ്ട്. പ്രഷർ കുക്കർ, ലാപ്‌ടോപ്പ്, മൊബൈൽ ചാർജർ, ബെൽറ്റ് എന്നിവ ഉപയോഗിച്ച് മർദിച്ചെന്നാണ് ആരോപണം. വിദേശത്ത് വെച്ചാണ് യുവതിക്ക് ക്രൂരമായ മർദനമേറ്റത്. നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ടുമാസം മുമ്പാണ് അഞ്ചുവിന്റെയും നന്ദുവിന്റെയും വിവാഹം നടന്നത്. കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ടായിരുന്നു മർദനമെന്നാണ് യുവതിയുടെ പിതാവിന്റെ ആരോപണം. യുവതിയുടെ ജീവൻ രക്ഷപ്പെട്ടത് വലിയ ഭാഗ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞതായും പിതാവ് വ്യക്തമാക്കി.
ഭർത്താവിന് സംശയരോഗമുണ്ടായിരുന്നെന്നും ബെൽറ്റ്, ഇടികല്ല്, കുക്കർ എന്നിവയടക്കം ഉപയോഗിച്ച് മർദിച്ചെന്നും യുവതി പറഞ്ഞു. കരഞ്ഞ് കാൽപിടിച്ചിട്ടും മർദനം നിർത്തിയില്ലെന്നും യുവതി ആരോപിച്ചു. മർദിച്ചശേഷം ഭർത്താവ് തന്നെ വീട്ടിലേക്ക് വിളിച്ച് കാര്യങ്ങൾ പറയുമായിരുന്നുവെന്നും സൈക്കോപാത്തിനെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും യുവതി പറഞ്ഞു.
ഫോണും ലാപ്‌ടോപ്പും ഭർത്താവ് വാങ്ങിവെച്ചതായും നാട്ടിലേക്കുള്ള ടിക്കറ്റ് വീട്ടുകാരാണ് എടുത്തതെന്നും യുവതി പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം കരയോഗത്തിലേക്കാണ് കൊണ്ടുപോയതെന്നും കരയോഗം ഭർതൃവീട്ടുകാരെ പിന്തുണയ്ക്കുകയാണെന്നും യുവതി ആരോപിച്ചു. ഫോണും മറ്റ് സാധനങ്ങളും കരയോഗത്തിൽ പിടിച്ചുവെച്ചിരിക്കുകയാണെന്നും യുവതി പറഞ്ഞു.
കയ്യിലെ മുറിവ് കണ്ടപ്പോഴാണ് വീട്ടുകാർ സംഭവം അറിഞ്ഞതെന്നും യുവതി വ്യക്തമാക്കി. ഭീഷണിപ്പെടുത്തി മോശം ഓഡിയോ റെക്കോർഡ് ചെയ്ത് വീട്ടുകാർക്ക് അയച്ച് തന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ നന്ദു ശ്രമിച്ചെന്നും യുവതി ആരോപിച്ചു. മർദിച്ചശേഷം ശരീരത്തിലെ മുറിവുകൾ നന്ദു ഫോണിൽ പകർത്തിയതായും യുവതി വെളിപ്പെടുത്തി.




