ചെന്നൈ: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിയിൽ കാലതാമസമുണ്ടായെന്ന് ആരോപിച്ച് നഴ്സിനെ ആക്രമിച്ചതായി പരാതി. തഞ്ചാവൂർ ജില്ലയിലാണ് സംഭവം.
മദൻ എന്നയാളാണ് 35കാരിയായ നഴ്സ് അലമേലുവിനെയും സഹോദരൻ സുമനെയും ബന്ധുവായ സുജാതയെയും പാര ഉപയോഗിച്ച് ആക്രമിച്ചതെന്നാണ് പരാതി. സംഭവത്തിൽ പരിക്കേറ്റ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സെപ്റ്റംബർ 16ന് തഞ്ചാവൂരിലെ സർക്കാർ ആശുപത്രിയിലാണ് മദന്റെ ഭാര്യ കുഞ്ഞിന് ജന്മം നൽകിയത്. പദ്ധതിപ്രകാരം ഒരു ഗ്രാം സ്വർണ മോതിരം ലഭിക്കാൻ കുടുംബത്തിന് അർഹതയുണ്ടായിരുന്നു. എന്നാൽ കുറച്ച് ദിവസം കാത്തിരിക്കേണ്ടിവരുമെന്ന് നഴ്സ് അറിയിച്ചതാണ് മദനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
വീട്ടിൽ നടക്കുന്ന ചടങ്ങിൽ കുഞ്ഞിന് മോതിരം അണിയിക്കേണ്ടതിനാൽ ഉടൻ മോതിരം നൽകണമെന്ന് മദൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. എന്നാൽ ഊഴമെത്തുമ്പോൾ മാത്രമേ മോതിരം നൽകാൻ കഴിയൂവെന്ന് നഴ്സ് അറിയിച്ചതായി പറയുന്നു. തുടർന്ന് മദ്യലഹരിയിൽ മദൻ നഴ്സ് താമസിക്കുന്ന സ്ഥലത്തെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുമനും സുജാതയ്ക്കും പരിക്കേറ്റത്.
ജൂൺ 22 മുതൽ ജനിക്കുന്ന കുട്ടികൾക്കാണ് ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ബാധകമാകുന്നത്. പദ്ധതി ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കു ശേഷമാണ് സംഭവം. മോതിരം ലഭിക്കുന്നതിലെ കാലതാമസത്തിൽ മദൻ അസ്വസ്ഥനായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.




