കോഴിക്കോട്: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്ന് മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎൽഎ. ദീപ ലേഖയുടെ മരണം സർക്കാരിന്റെ നിലപാട് മൂലമുണ്ടായ ‘സർക്കാർ സ്പോൺസേർഡ് മരണം’ ആണെന്നും റിയാസ് ആരോപിച്ചു.
ദീപ ലേഖയുടെ വേർപാടിൽ സർക്കാരിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും വിമർശിച്ചുകൊണ്ടാണ് റിയാസ് മാധ്യമങ്ങളോട് സംസാരിച്ചത്. രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ് ദീപ ലേഖയെ സ്ഥലം മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്ഥലംമാറ്റം ഒഴിവാക്കണമെന്ന് ദീപ ലേഖ അപേക്ഷിച്ചിരുന്നെങ്കിലും സർക്കാർ അത് പരിഗണിച്ചില്ലെന്നാണ് റിയാസിന്റെ ആരോപണം. സ്ഥലംമാറ്റത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശനെതിരെയും റിയാസ് രൂക്ഷ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയെ വിമർശിക്കുന്നവരോട് അദ്ദേഹം അസഹിഷ്ണുത കാണിക്കുന്നുവെന്നും റിയാസ് ആരോപിച്ചു.
അടുത്തിടെ എംഡിഎംഎ കേസിൽ പിടിയിലായ പ്രതിക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിലും റിയാസ് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ മെറ്റയുമായി ബന്ധപ്പെട്ട് നീക്കം ചെയ്യിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മെസിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ കായിക മന്ത്രി വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും, അതിൽ കൂടുതൽ പറയാനില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി റിയാസ് വ്യക്തമാക്കി.




