പാലക്കാട്: ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് 13 വയസ്സുകാരി മരിച്ചു. ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും എരുത്തേമ്പതി വണ്ണാമട സ്വദേശിനിയുമായ അശ്വിനിയാണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അശ്വിനിക്ക് പനി ബാധിച്ചത്. തുടർന്ന് കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. പനി ഗുരുതരമായതിനെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും മാറ്റി.
തൃശൂരിലെ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ അശ്വിനി മരിച്ചത്. സംഭവത്തോടെ പ്രദേശത്ത് ഡെങ്കിപ്പനി ആശങ്ക ശക്തമായിട്ടുണ്ട്.




