ന്യൂഡൽഹി: ഓണക്കാലത്ത് കേരളത്തിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിക്കുകയും അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവിന് കൊടിക്കുന്നിൽ സുരേഷ് എംപി നിവേദനം നൽകി. ഓണം ആഘോഷിക്കാൻ നാട്ടിലെത്തുന്ന മലയാളികൾക്ക് ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതും സീറ്റുകളുടെ ലഭ്യത കുറയുന്നതും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി എംപി ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രവാസികളുടെ യാത്രാദുരിതം കൂടുതൽ രൂക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് ഓണക്കാലത്ത് അധിക, പ്രത്യേക സർവീസുകൾ അനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ഉയർന്ന യാത്രാ ആവശ്യകതയുള്ള റൂട്ടുകളിൽ അധിക സർവീസുകളും ആവശ്യമായ സ്ലോട്ടുകളും ഉറപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകളും വർധിപ്പിക്കണമെന്നാണ് ആവശ്യം. ഓണക്കാലത്തെ ഉയർന്ന യാത്രാ ആവശ്യകത മുതലെടുത്ത് അന്യായമായി വിമാനക്കൂലി വർധിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഡിജിസിഎ നിരക്കും സീറ്റ് ലഭ്യതയും കർശനമായി നിരീക്ഷിക്കണമെന്നും ആവശ്യമായ ഇടപെടൽ നടത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
വിഷയം അടിയന്തരമായി ലോക്സഭയിൽ ഉന്നയിക്കുന്നതിനായി ശൂന്യവേളയിൽ നോട്ടീസും നൽകിയതായി എംപി അറിയിച്ചു. പ്രവാസികൾക്കും സാധാരണ യാത്രക്കാർക്കും ഓണം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഗൾഫ്–കേരള സെക്ടറുകളിൽ ഉൾപ്പെടെ അധിക വിമാന സർവീസുകൾ അനുവദിച്ച് അമിത വിമാനക്കൂലി നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.











