കോഴിക്കോട്: എലത്തൂർ കൊലപാതക കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വേങ്ങേരി സ്വദേശി വൈശാഖൻ (35) ആണ് മരിച്ചത്. തടമ്പാട്ടുതാഴത്തെ വീട്ടിൽ വിഷം കഴിച്ച നിലയിലാണ് വൈശാഖനെ കണ്ടെത്തിയത്. ഇയാൾ ജാമ്യത്തിലായിരുന്നു.
മാളിക്കടവിലെ വർക്ക്‌ഷോപ്പിൽ യുവതിയെ കൊലപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയാണ് വൈശാഖൻ. ജനുവരി 24നാണ് 26കാരിയായ യുവതിയെ വർക്ക്‌ഷോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞാണ് വൈശാഖൻ യുവതിയെ വർക്ക്‌ഷോപ്പിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇരുവരും ചേർന്ന് കയർ കെട്ടിയ ശേഷം യുവതി കുരുക്കിട്ടപ്പോൾ വൈശാഖൻ സ്റ്റൂൾ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവതിയെ പീഡിപ്പിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. എന്നാൽ എലത്തൂർ സിഐക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. യുവതിയെ ആശുപത്രിയിൽ എത്തിച്ച ശേഷം വർക്ക്‌ഷോപ്പിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാനായിരുന്നു വൈശാഖന്റെ പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതോടെ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നു.
യുവതിക്ക് ഉറക്കഗുളിക നൽകിയ ശേഷം മർദിച്ചെന്നും പിന്നീട് കൊലപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വൈശാഖനും യുവതിയും കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ ഭാര്യ ബന്ധം അറിയുമോ എന്ന ഭയത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. യുവതിയെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ വൈശാഖൻ ഭാര്യയെ വിളിച്ച് യുവതി ആത്മഹത്യ ചെയ്തതായി അറിയിച്ചിരുന്നു. തുടർന്ന് ഇരുവരും ചേർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
അന്വേഷണത്തിനിടെ യുവതി മരിക്കുന്നതിന് മുമ്പ് സൈക്കോളജിസ്റ്റിന് അയച്ച സന്ദേശവും പൊലീസിന് ലഭിച്ചിരുന്നു. താൻ ആത്മഹത്യ ചെയ്യില്ലെന്നും കൊല്ലപ്പെട്ടാൽ അതിന് കാരണം വൈശാഖനായിരിക്കുമെന്നും യുവതി സന്ദേശത്തിൽ പറഞ്ഞിരുന്നു. താൻ 16 വയസുമുതൽ പീഡനത്തിന് ഇരയായിരുന്നുവെന്നും യുവതി സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


