കൊല്ലം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് പത്തനാപുരം താലൂക്ക് യൂണിയൻ നേതൃയോഗം ആവശ്യപ്പെട്ടു.
എൻ.എസ്.എസിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ഗണേഷ് കുമാർ പങ്കെടുത്തുവെന്നും, സ്വന്തം പ്രവർത്തികളുടെ ഫലമായാണ് അദ്ദേഹം പൊതുമണ്ഡലങ്ങളിൽ നിന്ന് തിരസ്കരിക്കപ്പെട്ടതെന്നും യോഗം ആരോപിച്ചു. വിറളിപൂണ്ടാണ് ഗണേഷ് കുമാർ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നതെന്നും നേതൃയോഗം കുറ്റപ്പെടുത്തി.
സ്വന്തം പിതാവിനോട് ഗണേഷ് കുമാർ എങ്ങനെയാണ് പെരുമാറിയതെന്ന് ജനങ്ങൾക്ക് അറിയാമെന്നും പ്രസ്താവനയിൽ പറഞ്ഞു. എൻ.എസ്.എസിനും നേതൃത്വത്തിനുമെതിരായ നിന്ദാപരമായ പരാമർശങ്ങൾ തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി പൊതുനിരത്തിലിറങ്ങി പ്രതിരോധിക്കുമെന്നും പത്തനാപുരം താലൂക്ക് യൂണിയൻ മുന്നറിയിപ്പ് നൽകി.











