ന്യൂഡൽഹി: ഓഗസ്റ്റ് 4ന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിന് ആകാശത്ത് നാല് സെക്കൻഡ് നേരം പ്രധാന നിയന്ത്രണ സംവിധാനങ്ങളുടെ പ്രവർത്തനം നഷ്ടപ്പെട്ടതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തൽ. വിമാനത്തിന് ഏകദേശം 300 അടി ഉയരം നഷ്ടപ്പെട്ട സംഭവത്തിൽ 24 യാത്രക്കാർക്ക് പരിക്കേറ്റു.
എയർബസ് നടത്തിയ വിമാന ഡാറ്റയുടെ പ്രാഥമിക പരിശോധനയിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളുടെയും പ്രവർത്തനം ഒരേസമയം തടസ്സപ്പെട്ടതായാണ് കണ്ടെത്തൽ. ഇതോടെ വിമാനത്തിന്റെ ഉയരവും ദിശയും നിയന്ത്രിക്കുന്ന പ്രധാന ഭാഗങ്ങൾ ഏതാനും സെക്കൻഡ് നേരം പൈലറ്റിന്റെ നിർദേശങ്ങളോട് പ്രതികരിച്ചില്ല. തുടർന്ന് സംവിധാനങ്ങൾ സാധാരണ നിലയിലാകുകയും വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറങ്ങുകയും ചെയ്തു.
സംഭവത്തിന്റെ യഥാർഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. വിമാനത്തിന്റെ പരിപാലന രേഖകളും മറ്റ് സാങ്കേതിക വിവരങ്ങളും പരിശോധിച്ചുവരികയാണ്. അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം വ്യോമയാന അപകട അന്വേഷണ ബ്യൂറോയുടെ നേതൃത്വത്തിൽ തുടരുകയാണ്.
ഇതിനിടെ വിമാനത്തിന്റെ പൈലറ്റിന്റെ ലഹരി പരിശോധനാ ഫലം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രാഥമിക പരിശോധനയിൽ ഫലം നെഗറ്റീവ് അല്ലാത്തതിനാൽ സാമ്പിൾ സ്ഥിരീകരണ പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാൽ ഈ പരിശോധനാ ഫലവും വിമാനത്തിന്റെ സാങ്കേതിക തകരാറും തമ്മിൽ ബന്ധമുണ്ടെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം എയർ ഇന്ത്യ അധികൃതരുമായി വിശദീകരണം തേടുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നടപടികൾ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.


