തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ വിവാദ പ്രസംഗത്തിനെതിരെ എസ്എഫ്ഐ പ്രതിഷേധത്തിന്. നാളെ കേരള സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് എസ്എഫ്ഐ അറിയിച്ചു.
ആർഎസ്എസ് നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു വിസിയുടെ വിവാദ പരാമർശം.“അമ്മ ആരാണെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പരാമർശം. അമ്മ ആരാണെന്ന് അറിയുന്നവർ വന്ദേമാതരം എന്ന് തന്നെ പറയുമെന്നും അദ്ദേഹം പറഞ്ഞു.
വിസിയുടെ പദവിക്ക് ചേരാത്ത തരത്തിലുള്ള പരാമർശമാണ് ഉണ്ടായതെന്നാണ് വിമർശനം. ആർഎസ്എസ് തിരുവനന്തപുരം മണിവിളയിൽ സംഘടിപ്പിച്ച ‘സങ്കൽപ്പ് 2026’ പരിപാടിയിലാണ് മോഹനൻ കുന്നുമ്മൽ മുഖ്യപ്രഭാഷകനായി പങ്കെടുത്തത്. പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ ദീപം തെളിച്ച ശേഷമാണ് അദ്ദേഹം പ്രസംഗിച്ചത്. ഇന്ത്യ ലോകത്തിലെ വലിയ മരുന്ന് നിർമാതാക്കളിൽ ഒന്നാണെന്നും ഇന്ത്യയുടെ മരുന്നുകൾക്ക് ലോകത്ത് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചും വിസി സംസാരിച്ചു. കുട്ടികൾക്ക് ചെറുപ്പം മുതൽ വിദ്യാഭ്യാസം നൽകുന്നതിനാണ് പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നതെന്നും മൂന്ന് വയസുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാല് വർഷ ബിരുദ വിദ്യാഭ്യാസ രീതി കേരളം നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്നെങ്കിലും കേരള സർവകലാശാലയിൽ അത് നടപ്പാക്കിയെന്നും ഇപ്പോൾ എല്ലാവരും ഇത് നടപ്പാക്കുകയാണെന്നും വിസി അവകാശപ്പെട്ടു.
“കുഞ്ഞുങ്ങളെ നിങ്ങളെ ഏൽപ്പിച്ചിരിക്കുന്നത് ഭാരത മാതാവാണ്” എന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. വികസിത ഭാരതത്തിനായി കുട്ടികളെ വളർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വന്ദേമാതരം പരാമർശിച്ചുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.














