തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. മുഖ്യമന്ത്രി വി.ഡി. സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം ആലപിച്ചിട്ടും കേരളത്തിൽ ഒഴിവാക്കിയത് സതീശൻ സർക്കാർ ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും മുന്നിൽ കീഴടങ്ങിയതിനാലാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. പാർലമെന്റ് നിയമം പാസാക്കിയിട്ടും സംസ്ഥാന സർക്കാർ അത് ലംഘിക്കുകയാണെന്നും വന്ദേമാതരം ഒഴിവാക്കിയത് വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ സംസ്ഥാന സർക്കാർ ഗുരുതരമായ നിയമ, രാഷ്ട്രീയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ബിജെപി സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമായി എബിവിപി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും.
അതേസമയം, എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ചടങ്ങിനിടെ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട സംഭവത്തെയും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. വന്ദേമാതരം ആലപിക്കുന്നതിനിടെ അത് തടയാൻ ചില നേതാക്കൾ ശ്രമിച്ചെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചു.
‘ബിജെപിയിലെ ഫണ്ട് തട്ടിപ്പ് ആരോപണം കെട്ടുകഥ’
ബിജെപിക്കുള്ളിൽ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് നടന്നുവെന്ന ആരോപണങ്ങൾ രാജീവ് ചന്ദ്രശേഖർ പൂർണമായും നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് പാർട്ടിക്ക് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും അന്വേഷണ കമ്മിഷനെയോ അച്ചടക്ക സമിതിയെയോ നിയോഗിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിലെ കാരണം കാണിക്കൽ നോട്ടീസുകളും അച്ചടക്ക നടപടികളും ആഭ്യന്തര വിഷയങ്ങളാണെന്നും ഇവ സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾക്ക് വസ്തുതകളുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ സാമ്പത്തിക ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നും സംഭവത്തിൽ ആരോടും വിശദീകരണം തേടിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ ആവർത്തിച്ചു.
പി.സി. ജോർജിന്റെ പ്രസംഗത്തിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട വിവാദവും ഫണ്ട് തട്ടിപ്പ് ആരോപണങ്ങളും അദ്ദേഹം തള്ളി. പാർട്ടിക്കുള്ളിലെ ആഭ്യന്തര വിഷയങ്ങളെ മാധ്യമങ്ങൾ തെറ്റായ രീതിയിൽ അവതരിപ്പിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.












