ബ്രസ്സൽസ്: വേനലവധിക്കാലത്ത് ചെറിയ ജോലിയിലൂടെ വരുമാനം കണ്ടെത്താനെത്തിയ 18കാരൻ കോബിക്ക് ലഭിച്ചത് ജീവിതത്തിലെ ഏറ്റവും അപ്രതീക്ഷിതമായ ‘ഭാഗ്യം’. ബെൽജിയത്തിൽ ഓവുചാൽ നിർമാണത്തിനായി മണ്ണുമാറ്റുന്നതിനിടെ സ്വർണക്കട്ടികളും അപൂർവ നാണയങ്ങളും അടങ്ങിയ വൻ നിധിശേഖരമാണ് തൊഴിലാളികൾ കണ്ടെത്തിയത്. ഏകദേശം ഒമ്പത് ദശലക്ഷം യൂറോ, അതായത് 98 കോടി രൂപയോളം മൂല്യം വരുന്നതാണ് നിധിയെന്നാണ് റിപ്പോർട്ട്.
ബ്രസ്സൽസിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള സിന്റ്-ഗില്ലിസ്-ഡെൻഡർമോണ്ടെയിൽ ഭൂഗർഭ പൈപ്പ് മാറ്റുന്നതിനിടെയായിരുന്നു കണ്ടെത്തൽ. മണ്ണിൽനിന്ന് ചാക്കുകെട്ട് പുറത്തെടുത്തപ്പോഴാണ് ആദ്യം നാണയങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് സ്വർണക്കട്ടിയും കണ്ടെത്തിയതോടെയാണ് സംഭവം വൻ നിധിശേഖരമാണെന്ന് വ്യക്തമായത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മദ്യനിർമാണശാല ഉടമ തിയോഫിലസ് വാൻ ആഷെയ്ക്കായി നിർമിച്ച വില്ലയുടെ താഴത്തെ നിലയിലെ ഇഷ്ടികച്ചുമരിനുള്ളിൽ ബാഗിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ നാണയങ്ങളും നമ്പർ പതിച്ച സ്വർണക്കട്ടികളും. 1899ൽ ഇവിടെ മദ്യനിർമാണം ആരംഭിക്കുകയും 1970ൽ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
പൈതൃക കെട്ടിടമായ ‘ബ്രോവേഴ്സ്ഹുയിസ്’ നിലവിൽ പൂർണമായി നവീകരിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ഓഫീസുകളും താമസസൗകര്യങ്ങളും നിർമിക്കുന്നതിന്റെ ഭാഗമായാണ് കെട്ടിടത്തിന്റെ ചുവരുകൾ പൊളിക്കുന്നതും ഭൂഗർഭ പൈപ്പുകൾ മാറ്റുന്നതും. നിധി മനഃപൂർവം ഒളിപ്പിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, നിധിയുടെ യഥാർഥ ഉടമകളെ കണ്ടെത്താനുള്ള അന്വേഷണം അധികൃതർ ആരംഭിച്ചു. സ്വർണം മോഷ്ടിച്ചതല്ലെന്നും ഏതെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ലെന്നും ഉറപ്പാക്കേണ്ടതുണ്ടെന്ന് ഈസ്റ്റ് ഫ്ലാൻഡേഴ്സ് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. കണ്ടെത്തിയ വസ്തുക്കൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പ്രദേശത്ത് സുരക്ഷയും ശക്തമാക്കി.
നിധിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സങ്കീർണമായ നിയമപോരാട്ടത്തിനും സാധ്യതയുണ്ട്. കെട്ടിടത്തിന്റെ നിർമാണ കരാറുകാർ, സാമൂഹ്യക്ഷേമ സംഘടന, വാൻ ആഷെ കുടുംബത്തിന്റെ പിൻഗാമികൾ തുടങ്ങിയവർ അവകാശവാദവുമായി രംഗത്തെത്താൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ബെൽജിയൻ നിയമപ്രകാരം യഥാർഥ ഉടമ മുന്നോട്ടുവരുന്നുണ്ടോയെന്ന് അറിയാൻ നിധി കണ്ടെത്തിയവർ കുറഞ്ഞത് അഞ്ച് വർഷം കാത്തിരിക്കണം. കണ്ടെത്തിയ നിധി അധികൃതർക്ക് കൈമാറേണ്ടതാണെന്ന് അറിയാമായിരുന്നുവെന്നും കണ്ടെത്തിയതിന് എന്തെങ്കിലും പ്രതിഫലം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കോബി പറഞ്ഞു.
അതേസമയം, കൂടുതൽ നിധി തേടി ആരും നിർമാണസ്ഥലത്തേക്ക് എത്തരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. പ്രദേശത്ത് പരിശോധന നടത്തിയിട്ടുണ്ടെന്നും നിർമാണ പ്രവർത്തനങ്ങൾ തുടരുന്നതിനാൽ അനധികൃതമായി പ്രവേശിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്നും പൊലീസ് വ്യക്തമാക്കി.











