ഗുജറാത്ത്: മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ കേസിലെ മുഖ്യപ്രതിയായ ബിജെപി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വർഷമായി ഒളിവിലായിരുന്ന മുകേഷ് എന്ന ടീന പർഗിയാണ് സന്താംപുർ പൊലീസിന്റെ പിടിയിലായത്.
ഗുജറാത്തിലെ മദ്യനിരോധന നിയമങ്ങൾ ലംഘിച്ച് അനധികൃത മദ്യവിൽപ്പന നടത്തിയ കേസിലാണ് ഇയാൾ പ്രതിയായിരുന്നത്. ബിജെപി ജില്ലാ പഞ്ചായത്ത് അംഗം ശാന്താബെൻ പർഗിയുടെ ഭർത്താവാണ് മുകേഷ്. സൽറ സീറ്റിൽ നിന്നുള്ള ജനപ്രതിനിധിയാണ് ശാന്താബെൻ.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സന്താംപുർ പൊലീസ് നടത്തിയ ആസൂത്രിത നീക്കത്തിനൊടുവിലാണ് മുകേഷ് പിടിയിലായത്. അഞ്ച് വർഷത്തോളം ഇയാൾക്ക് ഒളിവിൽ കഴിയാൻ പ്രാദേശികമായി ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതിക്കെതിരായ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.











