ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയതായി പാർട്ടി ചുമതലകൾ ഏറ്റെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായി മോദി എക്സിൽ കുറിച്ചു. സംഘടനാ മികവും അനുഭവസമ്പത്തും യുവത്വവും ജനകീയ അടിത്തറയും ഒത്തുചേരുന്ന മികച്ച നേതൃത്വനിരയാണ് പുതിയതായി നിലവിൽ വന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
ബിജെപിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പൊതുസേവനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനും പുതിയ ഭാരവാഹികൾക്ക് സാധിക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും മോദി വ്യക്തമാക്കി. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പുതിയ നേതൃനിര സമർപ്പണത്തോടെ നേതൃത്വം നൽകുമെന്നും അദ്ദേഹം ആശംസാ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
പുതിയ ദേശീയ ഭാരവാഹികൾക്ക് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനും ആശംസകൾ നേർന്നു. പ്രധാനമന്ത്രിയുടെ മാർഗനിർദേശത്തിൽ അനുഭവസമ്പത്തും യുവത്വവും സമന്വയിക്കുന്ന പുതിയ നിര സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകരെന്ന നിലയിൽ ഓരോ ഭാരവാഹിയും രാഷ്ട്രനിർമാണത്തിൽ സജീവമായി ഇടപെടണമെന്നും നിതിൻ നബിൻ വ്യക്തമാക്കി.
കെ. സുരേന്ദ്രന് ദേശീയ സെക്രട്ടറി പദവി
ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് കെ. സുരേന്ദ്രനും ഇടം നേടി. ദേശീയ സെക്രട്ടറി സ്ഥാനമാണ് സുരേന്ദ്രന് ലഭിച്ചത്. അനിൽ ആന്റണി ദേശീയ സെക്രട്ടറിയായി തുടരും.
മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. രാം മാധവ്, താരിഖ് മൻസൂർ എന്നിവർ ദേശീയ വൈസ് പ്രസിഡന്റുമാരുടെ പട്ടികയിലുണ്ട്. അതേസമയം, എ.പി. അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി.
ബി.എൽ. സന്തോഷ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും. ഹേമന്ത് ജോഷിയെ ബിജെപി യുവമോർച്ച ദേശീയ അധ്യക്ഷനായി നിയമിച്ചു.












