കോഴിക്കോട്: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ കോഴിക്കോട് അടക്കം എട്ട് ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
പി. നിഖിലിന്റെ കരുവൻതുരുത്തിയിലെ വീടും അശോകപുരത്തെ ഫ്ളാറ്റും ഇഡി പരിശോധിക്കുന്നുണ്ട്. വീണ ടി.യുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ പേരുകൾ കേന്ദ്രീകരിച്ചാണ് പരിശോധനയെന്നാണ് വിവരം. വീണ പങ്കാളിയായ ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ ഓഫീസിലും ഇഡി പരിശോധന നടത്തുന്നുണ്ട്. നേരത്തെ സ്ഥാപനത്തിന്റെ അക്കൗണ്ടിലെ 16.5 ലക്ഷം രൂപ ഇഡി മരവിപ്പിച്ചിരുന്നു.
കേസിൽ വീണയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ ഇഡി തീരുമാനിച്ചത്. വീണ നൽകിയ മൊഴികളിൽ വ്യക്തതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. 2.78 കോടി രൂപയുടെ വിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വ്യക്തത ലഭിക്കാനുണ്ട്.
സിഎംആർഎൽ ഉന്നതർ നൽകിയ മൊഴികളും വീണയുടെ മൊഴികളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. വീണയും സിഎംആർഎല്ലും തമ്മിൽ കരാർ ഉണ്ടാകാനുള്ള സാഹചര്യം സംബന്ധിച്ചും അന്വേഷണം തുടരുകയാണ്.
2024 ഏപ്രിലിലാണ് സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തത്. എക്സാലോജിക് സൊല്യൂഷൻസും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കേസിന് ആധാരം.
2017 മുതൽ 2020 വരെ ഐടി സേവനങ്ങൾ നൽകിയതിന് സിഎംആർഎൽ എക്സാലോജിക്കിന് 1.72 കോടി രൂപ നൽകിയെന്നാണ് രേഖകൾ. എന്നാൽ ഇത്തരം സേവനങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. ഇതിന് പിന്നാലെ എസ്എഫ്ഐഒ അന്വേഷണം ആരംഭിക്കുകയും പിന്നീട് ഇഡിയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.


