ബെംഗളൂരു: ബെംഗളൂരുവിൽ 34കാരനെയും നാല് വയസുകാരൻ മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് ബെംഗളൂരുവിലെ ഗട്ടേ ഭാസവേശ്വർ നഗറിലാണ് സംഭവം. അഭിനന്ദൻ (34) മകനുമാണ് മരിച്ചത്. അഭിനന്ദന്റെ ഭാര്യ ഹരിണിയെ കാണാതായതായി പൊലീസ് അറിയിച്ചു.
ഓഗസ്റ്റ് 17 രാത്രി 10 മണിക്കും ഓഗസ്റ്റ് 18 പുലർച്ചെ ആറിനുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെയാണ് അഭിനന്ദനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവാണ് വിവരം അഭിനന്ദന്റെ അമ്മ ഭാഗ്യാമ്മയെ അറിയിച്ചത്.
അഭിനന്ദന്റെ മുഖത്തും ശരീരത്തും പരിക്കുകളുണ്ടായിരുന്നു. തലയ്ക്കേറ്റ പരിക്കിനെ തുടർന്ന് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നാല് വയസുകാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായാണ് പ്രാഥമിക കണ്ടെത്തൽ.
സംഭവത്തിൽ അഭിനന്ദന്റെ വീട്ടുകാർ മരുമകൾ ഹരിണിക്കെതിരെ പൊലീസിൽ പരാതി നൽകി. ഹരിണിക്കും മറ്റ് ചിലർക്കുമെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ ഹരിണി വിനയ് എന്നയാളോടൊപ്പം വീട് വിട്ടുപോയിരുന്നുവെന്നും രണ്ട് മാസം മുമ്പാണ് തിരിച്ചെത്തി അഭിനന്ദനൊപ്പം വീണ്ടും താമസം ആരംഭിച്ചതെന്നും ഭാഗ്യാമ്മ ആരോപിച്ചു.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഹരിണിയെ കണ്ടെത്തുന്നതിനൊപ്പം സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.













