തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് ഡ്രൈവർക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച വൈകീട്ട് പട്ടം സെയ്ന്റ് മേരീസ് സ്‌കൂളിന് സമീപമായിരുന്നു സംഭവം. ഡ്രൈവർ സുരേഷിന്റെ കൈയ്ക്കാണ് പൊള്ളലേറ്റത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. കിഴക്കേക്കോട്ടയിലേക്ക് പോകുകയായിരുന്ന സിറ്റി ഫാസ്റ്റ് ബസിന്റെ മുൻഭാഗത്തെ ബോണറ്റിൽനിന്നാണ് തീയും പുകയും ഉയർന്നത്. തീപിടിത്തത്തിൽ ബോണറ്റ് പൂർണമായും കത്തിനശിച്ചു. സിറ്റി ഡിപ്പോയിൽ നിന്നുള്ള ബസായിരുന്നു ഇത്. ചെങ്കൽച്ചൂളയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന തീ അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.












