ആലപ്പുഴ: കേരളം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെഎസ്ഇബിയിലെ യൂണിയൻരാജാണ് ഇതിന് പ്രധാന കാരണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘യോഗനാദ’ത്തിന്റെ മുഖപ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കെഎസ്ഇബിയിലെ യൂണിയൻ നേതാക്കളുടെ സ്വാധീനം കുറയ്ക്കാതെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്നും അതിനുള്ള ധൈര്യം വി.ഡി. സതീശൻ സർക്കാർ കാണിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വൈദ്യുതിമന്ത്രി സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് പൂർണമായും വൈദ്യുതി വകുപ്പിന്റെ ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളം നേരിടുന്നത് സമാനതകളില്ലാത്ത വൈദ്യുതി പ്രതിസന്ധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആണവോർജ നിലയത്തിനും പുതിയ ജലപദ്ധതികൾക്കുമെതിരെ കേരളത്തിൽ പ്രതിഷേധങ്ങൾ നടന്നപ്പോൾ തമിഴ്‌നാട്ടിലെ കൽപ്പാക്കത്തും കൂടംകുളത്തുമായി 1,220 മെഗാവാട്ടിന്റെ രണ്ട് ആണവനിലയങ്ങൾ സ്ഥാപിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കെഎസ്ഇബിയെ കാര്യക്ഷമമാക്കാൻ ശ്രമിച്ച മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോകിന്റെ അനുഭവം എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഊർജരംഗത്തെ കേരളത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് യൂണിയൻ നേതാക്കളും അവരെ നിയന്ത്രിക്കാൻ കഴിയാത്ത ഭരണകർത്താക്കളും ഉത്തരവാദികളാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
കേന്ദ്രസർക്കാരിന്റെ ഗാർഹിക സൗരോർജ പദ്ധതി കേരളത്തിൽ മികച്ച രീതിയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1,800 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചിട്ടും അതിന്റെ നാലിലൊന്ന് പോലും സംഭരിക്കാനുള്ള സംവിധാനമില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഊർജപ്രതിസന്ധി പരിഹരിക്കാൻ ദീർഘവീക്ഷണത്തോടെയുള്ള കഠിന തീരുമാനങ്ങൾ ആവശ്യമാണെന്നും ആണവോർജ നിലയം ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












