ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ആഘോഷിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു ചടങ്ങുകൾ. മനയം, അഴിയ്ക്കൽ എന്നീ അവകാശി കുടുംബങ്ങളിൽ നിന്ന് കൊണ്ടുവന്ന കതിർക്കറ്റകൾ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ അരിമാവണിഞ്ഞ നാക്കിലയിൽ നിരത്തി വെച്ചു. ശാന്തിയേറ്റ കീഴ്ശാന്തി കൊടയ്ക്കാട്ട് കൃഷ്ണൻ നമ്പൂതിരി തീർഥം കളിച്ചതിന് ശേഷം, കീഴിയേടം വാസുദേവ് നമ്പൂതിരിയുടെ നേതൃത്വത്തിൽ 50 ഓളം കീഴ്ശാന്തിമാർ കതിർക്കറ്റകൾ ശിരസ്സിലേറ്റി ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം നടത്തി.
രാവിലെ 8.30ന് കൊടിമരച്ചുവട്ടിൽ ഇല്ലം നിറ പൂജാ ചടങ്ങുകൾ ആരംഭിച്ചു. തന്ത്രിമാരായ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി ടി.എം. നാരായണൻ നമ്പൂതിരി ലക്ഷ്മി പൂജ നടത്തി. തുടർന്ന് ആദ്യത്തെ കതിർക്കറ്റകൾ ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു.
പുതിയേടത്ത് പിഷാരത്ത് ഗോവിന്ദ് പിഷാരടി വിളക്ക് പിടിച്ചു. ഗുരുവായൂർ കൃഷ്ണകുമാർ മാരാർ ശംഖുനാദം മുഴക്കുകയും ഗുരുവായൂർ കൃഷ്ണ പ്രസാദ് മാരാർ വലന്തല കൊട്ടുകയും ചെയ്തു.
പൂജിച്ച കതിരുകൾ പിന്നീട് ഭക്തർക്ക് വിതരണം ചെയ്തു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളും ക്ഷേത്രം അധികൃതരും ചടങ്ങിൽ പങ്കെടുത്തു.
ഇല്ലം നിറയുടെ തുടർച്ചയായുള്ള പുത്തരി ചടങ്ങ് ഈ മാസം 30ന് നടക്കും.


