ന്യൂഡൽഹി: ഉത്സവ സീസൺ അടുത്തതോടെ രാജ്യത്ത് പഞ്ചസാര വില കുത്തനെ ഉയരുന്നു. വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പഞ്ചസാരയുടെ ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കാനോ ഗണ്യമായി കുറയ്ക്കാനോ കേന്ദ്ര സർക്കാർ ആലോചിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര ഉത്പാദക രാജ്യമാണ് ഇന്ത്യ. ഇറക്കുമതി തീരുവ കുറച്ചാൽ രാജ്യത്തെ പഞ്ചസാരയുടെ ലഭ്യത വർധിപ്പിക്കാനും വില നിയന്ത്രിക്കാനും കഴിയുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
നിലവിൽ പഞ്ചസാര ഇറക്കുമതിക്ക് 100 ശതമാനം തീരുവയാണ് ഈടാക്കുന്നത്. ഇത് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് അവസാനം മുതൽ ജനുവരി വരെയുള്ള കാലയളവിൽ മധുരപലഹാരങ്ങൾ, പാനീയങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ ഉത്പാദനത്തിനായി പഞ്ചസാരയുടെ ആവശ്യം വലിയ തോതിൽ ഉയരാറുണ്ട്.
ഇതിനിടെ മഹാരാഷ്ട്രയിലെ പഞ്ചസാര മില്ലുകളിൽ വില കിലോയ്ക്ക് 46 രൂപയിലെത്തി. ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഇത് സർവകാല റെക്കോർഡാണ്. വിലക്കയറ്റം തടയുന്നതിനും പൂഴ്ത്തിവെപ്പ് ഒഴിവാക്കുന്നതിനുമായി വ്യാപാരികൾക്ക് പഞ്ചസാര സംഭരിക്കുന്നതിൽ കേന്ദ്ര സർക്കാർ അടുത്തിടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ പ്രധാന പഞ്ചസാര ഉത്പാദക സംസ്ഥാനങ്ങളിലെ മില്ലുകളിൽ കരിമ്പ് അരയ്ക്കുന്ന പ്രക്രിയ നേരത്തെ ആരംഭിക്കാനും ഭക്ഷ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. സാധാരണ നവംബർ ആദ്യമാണ് അരയ്ക്കൽ ആരംഭിക്കുന്നത്. ഇത്തവണ 10 മുതൽ 15 ദിവസം വരെ നേരത്തെ പ്രക്രിയ തുടങ്ങാനാണ് നിർദേശം.











