കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്സണായി സ്വതന്ത്ര കൗൺസിലർ മായ രാഹുലിനെ തെരഞ്ഞെടുത്തു. എൽഡിഎഫിന്റെ പിന്തുണയോടെയാണ് മായ ചെയർപേഴ്സൺ സ്ഥാനത്തെത്തിയത്. 16 വോട്ടുകൾ മായയ്ക്ക് ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥി റിയ ചീരാംകുഴിക്ക് 10 വോട്ടുകൾ ലഭിച്ചു.
കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മായയ്ക്ക് 12 എൽഡിഎഫ് കൗൺസിലർമാരുടെയും മൂന്ന് കോൺഗ്രസ് വിമതരുടെയും പിന്തുണ ലഭിച്ചു. കോൺഗ്രസ് വിമത കൗൺസിലറായ ലിസിക്കുട്ടി റിയ ചീരാംകുഴിക്ക് വോട്ട് ചെയ്തു. തെരഞ്ഞെടുപ്പിന് പിന്നാലെ മായ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് നന്മയുടെ വിജയമാണെന്ന് മായ പ്രതികരിച്ചു.
മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് പുതിയ ചെയർപേഴ്സണെ തെരഞ്ഞെടുക്കേണ്ടി വന്നത്. യുഡിഎഫ് ഭരണത്തിലായിരുന്ന പാലാ നഗരസഭയിൽ എൽഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അഞ്ച് യുഡിഎഫ് കൗൺസിലർമാർ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്.
പാർട്ടി വിപ്പ് ലംഘിച്ച് എത്തിയ കോൺഗ്രസ് കൗൺസിലർമാരും മായ രാഹുലും എൽഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചിരുന്നു. നഗരസഭയിൽ എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് സ്വതന്ത്രരായി വിജയിച്ച ബിനു പുളിക്കകണ്ടവും മകൾ ദിയ ബിനു പുളിക്കകണ്ടവും ബിനുവിന്റെ സഹോദരൻ ബിജു പുളിക്കകണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്.
തുടർന്ന് ആദ്യ ടേമിൽ ചെയർപേഴ്സൺ സ്ഥാനം ദിയ ബിനു പുളിക്കകണ്ടത്തിന് നൽകുകയായിരുന്നു. എന്നാൽ ആറ് മാസത്തിന് ശേഷം അവിശ്വാസ പ്രമേയത്തിലൂടെ ദിയയ്ക്ക് സ്ഥാനം നഷ്ടമായി. ഇതോടെയാണ് പുതിയ ചെയർപേഴ്സണെ തെരഞ്ഞെടുക്കേണ്ടി വന്നത്.











