ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയത്.
സെൻസസിന് മുന്നോടിയായി ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുന്നത്. കാംപെയ്ൻ ഫോർ ജസ്റ്റ് ആൻഡ് ഫെയർ ഡീലിമിറ്റേഷൻ (ജെഎഫ്ഡി) ആഹ്വാനം ചെയ്ത 48 മണിക്കൂർ ബന്ദ് രണ്ടാം ദിവസവും തുടരുകയാണ്. വിവിധയിടങ്ങളിൽ റാലികൾ സംഘടിപ്പിച്ചും രാഷ്ട്രീയ നേതാക്കളുടെ കോലങ്ങൾ കത്തിച്ചുമാണ് പ്രതിഷേധം.
ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിൽ പ്രതിഷേധക്കാർ റോഡുകളിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇംഫാൽ ഈസ്റ്റിൽ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങ്ങിന്റെയും ആഭ്യന്തര മന്ത്രിയുടെയും കോലങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു.
എൻആർസി നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാരും പിന്തുണ നൽകുന്നതായി മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങ് വ്യക്തമാക്കി. ബിജെപി എംഎൽഎമാരുടെ സംഘം ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഡൽഹിയിലെത്തിയിട്ടുണ്ട്. ഡൽഹിയിലുള്ള ഗവർണർ അജയ് കുമാർ ഭല്ല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പ്രതിപക്ഷമായ കോൺഗ്രസും മണിപ്പൂരിൽ എൻആർസി നടപ്പാക്കണമെന്ന ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്. 2023 മേയിൽ ആരംഭിച്ച വംശീയ സംഘർഷത്തിൽ 260ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ ഭവനരഹിതരാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മണിപ്പൂരിൽ വീണ്ടും പ്രതിഷേധവും സംഘർഷാവസ്ഥയും ശക്തമാകുന്നത്.














