തിരുവനന്തപുരം: ശ്രീകാര്യത്ത് കെഎസ്ആർടിസി ബസിൽ നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക് പോയ ബസിൽ നിന്നാണ് വിദ്യാർഥിനി പുറത്തേക്ക് വീണത്. തലയ്ക്ക് പരിക്കേറ്റ വിദ്യാർഥിനിയെ അതേ ബസിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
രാവിലെ ബസിൽ വലിയ തിരക്കായിരുന്നു. മുന്നിലെ വാതിലിലൂടെ ബസിൽ കയറിയ വിദ്യാർഥിനി വാതിൽ അടച്ചെങ്കിലും ലോക്ക് ശരിയായി വീണിരുന്നില്ല. ബസ് മുന്നോട്ടെടുത്തതോടെ വാതിൽ തുറക്കുകയും വിദ്യാർഥിനി പുറത്തേക്ക് വീഴുകയുമായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബസിലുണ്ടായിരുന്ന യാത്രക്കാർ ബഹളംവെച്ചു. ഉടൻ ബസ് നിർത്തി വിദ്യാർഥിനിയെ അതേ വാഹനത്തിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.




