മുംബൈ: ട്രാൻസ്ജെൻഡറാണെന്ന് വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. അനിൽ ശേഷ്‌റാവു ഷിൻഡെ (28) ആണ് മുംബൈയിലെ പൊവയ് മേഖലയിൽ അറസ്റ്റിലായത്.
കുട്ടിയുണ്ടാകാനുള്ള പ്രത്യേക പൂജ നടത്താമെന്ന് പറഞ്ഞാണ് പ്രതി യുവതിയുടെ വീട്ടിൽ പ്രവേശിച്ചതെന്ന് പൊലീസ് അറിയിച്ചു. ദോഷം മാറ്റാമെന്ന് പറഞ്ഞ് കിടപ്പുമുറിയിലേക്ക് പോയ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് 2,000 രൂപയുമായി പ്രതി രക്ഷപ്പെടുകയായിരുന്നു.
സംഭവസമയത്ത് യുവതിയുടെ ഭർത്താവ് ജോലിക്ക് പോയിരിക്കുകയായിരുന്നു. ഭർത്താവിനും പ്രായമായ ബന്ധുവിനുമൊപ്പമാണ് യുവതി താമസിച്ചിരുന്നത്.
പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. രക്ഷപ്പെടാൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കണ്ടെത്തി. തുടർന്ന് പ്രതിയെ പിന്തുടർന്ന പൊലീസ്, സാരി ധരിച്ച് താനെയിലെ ഖാരേഗാവിലെ ചേരിയിലേക്ക് പോകുന്നതിനിടെ പിടികൂടുകയായിരുന്നു.
ട്രാൻസ്ജെൻഡറാണെന്ന് മാത്രമല്ല, യാചകനാണെന്ന് വ്യാജേനയും പ്രതി വേഷം മാറി നടന്നിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
അപരിചിതരായ ആളുകളെ വീടിനുള്ളിലേക്ക് പ്രവേശിപ്പിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങളിൽ പൊലീസിനെ വിവരം അറിയിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.



