ന്യൂഡൽഹി: ഒരു പതിറ്റാണ്ടിനിടെ ആദ്യമായി രാജ്യത്തേക്ക് 10 ലക്ഷം ടൺ അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. പഞ്ചസാര വില ഉയരുന്നത് നിയന്ത്രിക്കുന്നതിനും വരാനിരിക്കുന്ന ഉത്സവകാലത്തെ ആവശ്യകത നിറവേറ്റുന്നതിനുമുള്ള മുൻകരുതൽ നടപടിയാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പഞ്ചസാര ഉത്പാദനം 296 ലക്ഷം ടണ്ണായി കുറഞ്ഞതും പ്രാരംഭ സ്റ്റോക്കിൽ 20 ശതമാനം വരെ ഇടിവുണ്ടാകുമെന്ന ആശങ്കയുമാണ് ഇറക്കുമതി തീരുമാനത്തിന് പിന്നിൽ. പൂഴ്ത്തിവെപ്പും അനാവശ്യ ഊഹക്കച്ചവടവും തടയുന്നതും ലക്ഷ്യമാണ്. പ്രതിമാസം 10 ടണ്ണിലധികം പഞ്ചസാര ഉപയോഗിക്കുന്ന വൻകിട ഉപഭോക്താക്കൾക്ക് 15 ദിവസത്തിൽ കൂടുതൽ സ്റ്റോക്ക് സൂക്ഷിക്കരുതെന്ന നിയന്ത്രണവും സർക്കാർ ഏർപ്പെടുത്തി.
മിഠായി, ശീതളപാനീയ നിർമാണ കമ്പനികൾ, ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾ, മധുരപലഹാര വ്യാപാരികൾ തുടങ്ങിയ വൻകിട ഉപഭോക്താക്കൾക്കാണ് നിയന്ത്രണം ബാധകമാകുക. സെപ്റ്റംബർ മുതൽ നവംബർ വരെയാണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാകുക. ഉദാഹരണത്തിന്, പ്രതിമാസം 12 ടൺ പഞ്ചസാര ഉപയോഗിക്കുന്ന സ്ഥാപനത്തിന് ഒരേസമയം പരമാവധി ആറ് ടൺ മാത്രമേ സ്റ്റോക്ക് ചെയ്യാനാകൂ.
റീട്ടെയിൽ വിലയിലുണ്ടായ വർധനയാണ് സർക്കാർ നടപടികൾ ശക്തമാക്കാൻ കാരണമായത്. ഉപഭോക്തൃകാര്യ വകുപ്പിന്റെ കണക്കനുസരിച്ച് ചൊവ്വാഴ്ച പഞ്ചസാരയുടെ ശരാശരി റീട്ടെയിൽ വില കിലോഗ്രാമിന് 52.3 രൂപയായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനമാണ് വർധന. ജൂലൈയിൽ മാത്രം വില ഒമ്പത് ശതമാനത്തിലധികം ഉയർന്നു.
പൂഴ്ത്തിവെപ്പ് തടയുന്നതിനായി ഓഗസ്റ്റ് മുതൽ നവംബർ വരെ പഞ്ചസാര വ്യാപാരികൾക്ക് സ്റ്റോക്ക് പരിധിയും ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാപാരികൾ സ്റ്റോക്ക് വിവരങ്ങൾ ആഴ്ചതോറും പ്രഖ്യാപിക്കുകയും പുതുക്കുകയും വേണം.
2025 ഒക്ടോബർ തുടക്കത്തിലെ 50 ലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ പ്രാരംഭ സ്റ്റോക്ക് 35 മുതൽ 40 ലക്ഷം ടൺ വരെയായി കുറയുമെന്നാണ് കണക്കാക്കുന്നത്. ഒക്ടോബർ മുതൽ സെപ്റ്റംബർ വരെയുള്ള സീസണിൽ പഞ്ചസാര ഉത്പാദനം 296 ലക്ഷം ടണ്ണായി കുറഞ്ഞതാണ് ഇതിന് കാരണം. 2019-20 സീസണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉത്പാദനമാണിത്.
അടുത്ത വിളവർഷത്തിൽ 324 ലക്ഷം ടൺ പഞ്ചസാര ഉത്പാദനമാണ് വ്യവസായ മേഖല പ്രതീക്ഷിക്കുന്നത്. അതേസമയം, ഒക്ടോബർ-നവംബർ മാസങ്ങളിൽ പുതിയ പഞ്ചസാര വിപണിയിലെത്തുന്നതുവരെ ആഭ്യന്തര ആവശ്യം നിറവേറ്റാൻ നിലവിലെ സ്റ്റോക്ക് പര്യാപ്തമാണെന്നും രാജ്യത്ത് പഞ്ചസാര ക്ഷാമമില്ലെന്നും വ്യവസായ മേഖലയിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.











