ന്യൂഡൽഹി: ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്രയുടെ തുടർച്ചയായ ചെയർമാൻ കാലാവധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി. മലയാളി അഭിഭാഷക യോഗ മായ എം.ജിയാണ് ഹർജി സമർപ്പിച്ചത്. മനൻ കുമാർ മിശ്രയുടെ ചെയർമാൻ സ്ഥാനത്തെ തുടർച്ച, ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകൾ, ഭരണസംവിധാനം എന്നിവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
2012ലാണ് മനൻ കുമാർ മിശ്ര ആദ്യമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനാകുന്നത്. 2014ൽ ചെറിയ ഇടവേളയ്ക്ക് ശേഷം നവംബർ മുതൽ വീണ്ടും ചെയർമാനായി തുടരുകയാണെന്ന് ഹർജിയിൽ പറയുന്നു. 2025 മാർച്ചിലും അദ്ദേഹം എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ തുടർച്ചയായ ഏഴാമത്തെ ചെയർമാൻ കാലാവധിയാണിതെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു.
2025 ഏപ്രിലിൽ പുറത്തിറക്കിയ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഗസറ്റ് വിജ്ഞാപനത്തിൽ 2025 ഏപ്രിൽ 17 മുതൽ 2030 ഏപ്രിൽ 16 വരെയുള്ള അഞ്ച് വർഷത്തെ കാലാവധിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടപ്രകാരം ചെയർമാനും വൈസ് ചെയർമാനും രണ്ട് വർഷമാണ് കാലാവധിയെന്നും ഹർജിയിൽ വാദിക്കുന്നു.
ഭരണപരമായ ഒരു വിജ്ഞാപനത്തിലൂടെ ചട്ടങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന കാലാവധിക്ക് അപ്പുറം ചെയർമാന്റെ കാലാവധി നീട്ടാനാകില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം. അതിനാൽ 2025ലെ ഗസറ്റ് വിജ്ഞാപനം റദ്ദാക്കണമെന്നും നിലവിലെ ചെയർമാനും വൈസ് ചെയർമാനും സ്ഥാനമൊഴിയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
സ്വതന്ത്ര മേൽനോട്ടത്തിൽ നിശ്ചിത സമയപരിധിക്കുള്ളിൽ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിക്കാരി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനും വൈസ് ചെയർമാനും ഒരേ വ്യക്തികൾ ദീർഘകാലം തുടരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി കാലാവധി പരിധി, പരമാവധി ടേം, കൂളിങ് ഓഫ് കാലയളവ്, സംസ്ഥാന-പ്രദേശാടിസ്ഥാനത്തിലുള്ള റൊട്ടേഷൻ സംവിധാനം എന്നിവ ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഇതിനൊപ്പം ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകളും ഭരണപരമായ പ്രവർത്തനങ്ങളും സ്വതന്ത്രമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.











