വയനാട്: തവിഞ്ഞാൽ യവനാർകുളത്തെ മിനി സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം കീഴാറ്റൂർ പട്ടിക്കാട് കാരാടാൻ വീട്ടിൽ മൊയ്തീൻകുട്ടി (49)യെയാണ് തലപ്പുഴ പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘവും ചേർന്ന് പെരിന്തൽമണ്ണയിൽനിന്ന് പിടികൂടിയത്.
ജൂലൈ 30ന് അർധരാത്രിയോടെയാണ് മോഷണം നടന്നത്. സൂപ്പർമാർക്കറ്റിന്റെ പിൻവശത്തെ വാതിൽ തകർത്താണ് പ്രതി അകത്തുകയറിയത്. മേശയിൽ സൂക്ഷിച്ചിരുന്ന 18,000 രൂപയും ഏകദേശം 2,000 രൂപ വിലവരുന്ന സാധനങ്ങളും മോഷ്ടിച്ചതായാണ് കേസ്.
തലപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പെരിന്തൽമണ്ണയിൽനിന്ന് പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ കെ. ശ്രീതു, തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജിൽജിത്ത്, അനസ്, വിജയൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.













