നാല് പതിറ്റാണ്ടിലേറെയായി കേരള പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്ന ചാക്കോ വധക്കേസിലെ മുഖ്യപ്രതി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ മലയാളത്തിലെ സകല മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഇപ്പോൾ അതിന്റെ പുറകെയാണ്. വാർത്തകളിൽ ഇന്നലെ മുതൽ ഇത് തന്നെയാണ് ബ്രേക്കിങ്. ഇനി സോഷ്യൽ മീഡിയയിലേക്ക് വന്നാൽ ട്രോളുകളുടെ പൂരമാണ്. ഇന്‍സ്റ്റഗ്രാമിലും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും സുകുമാരക്കുറുപ്പിനെ കേന്ദ്രീകരിച്ച് നിര്‍മ്മിച്ച എ.ഐ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ വൈറലാകുന്നത്.
അത്യാധുനിക എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ഇത്തരം ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം തന്നെ ആയിരക്കണക്കിന് ആളുകളാണ് ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നത്. ‘സുകുമാരക്കുറുപ്പ് ഫ്രം ബ്രൂണെ’ എന്ന പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒളിവുജീവിതത്തിനിടെ ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ സ്റ്റേഡിയത്തിലെത്തിയ കുറുപ്പ്, ബ്രൂണെയില്‍ ഓണം ആഘോഷിക്കുന്ന കുറുപ്പ് എന്നിങ്ങനെ രസകരമായ ഒട്ടേറെ എ.ഐ ചിത്രങ്ങളാണ് ഈ പേജുകളില്‍ നിറയുന്നത്. ബ്രൂണെയിലെ നിര്‍മ്മാണ കമ്പനി ജീവനക്കാരനായ സുകുമാരക്കുറുപ്പ്, വാര്‍ത്തകള്‍ പുറത്തുവന്നതോടെ താവളം മാറ്റാന്‍ പാക്കിംഗ് നടത്തുന്ന കുറുപ്പ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കണ്ടന്റുകളാണ് ട്രോള്‍ പേജുകളിലുള്ളത്.
പതിറ്റാണ്ടുകളായി പോലീസിനെ വെട്ടിക്കുന്ന സുകുമാരക്കുറുപ്പ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ബ്രൂണെയില്‍ ഒളിവിലുണ്ടെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് അലി അക്ബര്‍ അവകാശപ്പെട്ടതാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. സുകുമാരക്കുറുപ്പിന്റേത് എന്ന അവകാശപ്പെട്ട് 2023-ല്‍ എടുത്ത ഒരു ചിത്രവും പുറത്ത് വന്നിരുന്നു. കാറില്‍ വന്നിറങ്ങുന്നതും ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതും വീട്ടില്‍ വിശ്രമിക്കുന്നതുമടക്കം വിശ്വസനീയമായ ഒട്ടേറെ വിവരങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണം നടത്തിയയാൾ പറയുന്നത്. ക്രിസ്ത്യൻ, ഹിന്ദു പേരുകള്‍ സമന്വയിപ്പിച്ച് ഇന്‍ഡോ-മലേഷ്യന്‍ പൗരന് എന്ന വ്യാജ വിലാസത്തിലാണ് ഇയാള്‍ ബ്രൂണെയില്‍ കഴിയുന്നതത്രേ.
അതേസമയം, പുറത്തുവന്ന പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൈബര്‍ വിദഗ്ധനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് നീക്കം. കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എഡിഡിപിക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്നതിന് നിലവില്‍ സ്ഥിരീകരണമില്ലെന്നും അഭ്യൂഹമാണെന്നും പറയുന്ന ചെന്നിത്തല ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.
‘സുകുമാരക്കുറുപ്പ് ലോണ്‍ പെന്‍ഡിങ് കേസ് ആണ്. ക്രൈംബ്രാഞ്ച് എഡിജിപിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളാ പൊലീസ് ഇന്റര്‍പോളുമായി ബന്ധപ്പെട്ട് അതിന്റെ നിജസ്ഥിതി എന്താണെന്ന് അറിയേണ്ടിയിരിക്കുന്നു. നിലവില്‍ അഭ്യൂഹങ്ങളാണ് ഉള്ളത്. സ്ഥിരീകരിക്കപ്പെട്ട കാര്യങ്ങളൊന്നുമില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതിന്റെ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം പ്രധാനപ്പെട്ട പല മാധ്യമപ്രവര്‍ത്തകര്‍ എന്നോട് സൂചിപ്പിച്ചിരുന്നു. നിജസ്ഥിതി അറിയാന്‍ ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള എഡിജിപി വെങ്കിടേഷിനോട് ഇന്നലെ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയെന്ന അലി അക്ബറിന്റെ ആരോപണം വയലാര്‍ രവി ആഭ്യന്തരമന്ത്രിയായ കാലത്തുള്ളതാണ്. 40 വര്ഷത്തോളമായില്ലേ?. അതില്‍ എന്താണ് പൂഴ്ത്താനുള്ളത് എന്നാണ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്.
8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 1984 ജനുവരി 22ന് ഫിലിം റപ്രസന്റേറ്റീവ് ആലപ്പുഴ തത്തംപള്ളി കുട്ടിച്ചിറ ആലപ്പാട്ടു വീട്ടിൽ ചാക്കോയെ കാറിനുള്ളിൽ തീയിട്ടു കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപ്പുള്ളിയാണ് മുഖ്യപ്രതി സുകുമാരക്കുറുപ്പ്. കുറുപ്പിനെ പൊലീസ് സഹായിച്ചിട്ടുണ്ടാകാം എന്നാണ് കൊല്ലപ്പെട്ട ചാക്കോയുടെ മകൻ ജിതിൻ ഈ വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ചത്. സഹായം ലഭിക്കാതെ ഇത്രയും നാൾ ഒളിവിൽ കഴിയാൻ സാധിക്കില്ല. അച്ഛനെ കൊന്നവരെ കണ്ടെത്തിയത് നല്ല ഉദ്യോഗസ്ഥരാണ്. അവരെ മറക്കുന്നില്ല. അമ്മയ്ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജിതിൻ പറഞ്ഞു.
കൊലപാതകത്തിനുശേഷം മുങ്ങിയ സുകുമാരക്കുറുപ്പ് രൂപമാറ്റം വരുത്തി ഉത്തരേന്ത്യയിൽ കഴിയുന്നുണ്ടെന്നും വിദേശത്തേക്കു കടന്നെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ വ്യാപക തിരച്ചിൽ നടത്തിയ ക്രൈംബ്രാഞ്ച് സംഘം ഗൾഫ് രാജ്യങ്ങൾ, ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കണ്ടെത്താനായില്ല. 42 വർഷമായി വട്ടംകറക്കുന്ന കേസ്, അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം അവസാനിപ്പിക്കാൻ പൊലീസ് ഒരുങ്ങുന്നതിനിടെയാണ് അന്വേഷണസംഘത്തിൽ മുൻപ് അംഗമായിരുന്ന പൊലീസുകാരൻ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സുകുമാരക്കുറുപ്പ് ബ്രൂണയ്യിൽ ജീവനോടെയുണ്ടെന്നും നിർമാണമേഖലയിൽ ജോലിചെയ്യുകയാണെന്നും റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അലി അക്ബർ മാധ്യമങ്ങളോട് പറയുകയായിരുന്നു.











