ന്യൂഡൽഹി: നീറ്റ് പരീക്ഷ 2027 മുതൽ ഓൺലൈനായി നടത്താനുള്ള നീക്കം. പരീക്ഷാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നന്ദൻ നിലേകനി പാനൽ അവതരിപ്പിച്ച റോഡ് മാപ്പിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങളുള്ളത്. ജെഇഇ മാതൃകയിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) രീതിയിൽ നീറ്റ് നടത്താനാണ് പരിഗണന.
12 മുതൽ 14 വരെ ഷിഫ്റ്റുകളിലായി പരീക്ഷ നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. ഒന്നിലധികം ദിവസങ്ങളിലായി പരീക്ഷ നടത്താനും നിർദേശമുണ്ട്. പരീക്ഷയുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ രീതിയിലുള്ള നിർദേശങ്ങൾ.
സർക്കാർ പിന്തുണയോടെ രാജ്യത്തുടനീളം 1,000 ടെസ്റ്റിംഗ് സെന്ററുകൾ ഒരുക്കാനും പദ്ധതിയുണ്ട്. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് നിലവിലുള്ള പരീക്ഷാ കേന്ദ്രങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സൂചനയുണ്ട്.
എന്നാൽ 2027 മുതൽ ഓൺലൈൻ പരീക്ഷാ രീതി നടപ്പാക്കുന്നതിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. നിർദേശങ്ങൾ സംബന്ധിച്ച തുടർനടപടികൾക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം.











