കോഴിക്കോട്: ജോലി ചെയ്തിരുന്ന സ്വർണാഭരണ നിർമാണശാലയിൽ നിന്ന് 44 പവൻ സ്വർണവുമായി മുങ്ങിയ അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിയായ സമീറിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ ഇയാളുടെ നാട്ടിലെത്തിയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ഒളവണ്ണ ഒടുമ്പ്രയിൽ പ്രവർത്തിക്കുന്ന വി ഗോൾഡ് എന്ന സ്വർണാഭരണ നിർമാണശാലയിലെ ജീവനക്കാരനായിരുന്നു സമീർ. കഴിഞ്ഞ 25-ാം തീയതിയാണ് സ്ഥാപനത്തിൽ മോഷണം നടന്നത്. ആഭരണങ്ങൾ നിർമിക്കുന്നതിനായി സ്ഥാപന ഉടമ ഏൽപിച്ച 44 പവൻ തൂക്കം വരുന്ന സ്വർണവുമായി സമീർ കടന്നുകളയുകയായിരുന്നു.
മോഷണത്തിന് പിന്നാലെ പ്രതി സ്ഥാപനത്തിൽ നിന്ന് ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മോഷ്ടിച്ച സ്വർണാഭരണങ്ങളും സമീറിന്റെ പക്കൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.


