തിരുവനന്തപുരം: ദേവസ്വം ബോർഡുകളുടെ അധ്യക്ഷ സ്ഥാനത്തേക്ക് പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ്. അയ്യങ്കാളി ജയന്തി ദിനത്തിൽ ദേവസ്വം മന്ത്രി കെ. മുരളീധരന്റെ സാന്നിധ്യത്തിലായിരുന്നു എംപിയുടെ ആവശ്യം.
അഞ്ച് ദേവസ്വം ബോർഡുകളിലൊന്നിലെങ്കിലും ഒരു തവണ അധ്യക്ഷ സ്ഥാനം പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് നൽകണമെന്നാണ് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടത്. ദേവസ്വം ബോർഡ് നിയമനങ്ങൾ നടക്കുമ്പോഴെല്ലാം അധ്യക്ഷ സ്ഥാനത്തെ ദളിത് പ്രാതിനിധ്യം സംബന്ധിച്ച് ചർച്ചകൾ ഉയരാറുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഇതുവരെ ഇക്കാര്യം ഗൗരവമായി പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
കൊടിക്കുന്നിൽ സുരേഷിന്റെ ആവശ്യത്തോട് അനുകൂലമായാണ് ദേവസ്വം മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചത്. ആവശ്യം തള്ളിക്കളയാൻ സർക്കാരിന് കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ ദേവസ്വം ബോർഡുകളുടെ രൂപീകരണം നടക്കാനിരിക്കെയാണ് അധ്യക്ഷ സ്ഥാനത്തെ ദളിത് പ്രാതിനിധ്യം സംബന്ധിച്ച ചർച്ച വീണ്ടും സജീവമാകുന്നത്. നിലവിൽ നാല് ദേവസ്വം ബോർഡ് പ്രസിഡന്റുമാർക്ക് ഏകദേശം ഒരു വർഷത്തോളവും കൊച്ചി ദേവസ്വം ബോർഡ് പ്രസിഡന്റിന് എട്ട് മാസത്തോളവും കാലാവധി ബാക്കിയുണ്ട്.
അധ്യക്ഷ സ്ഥാനങ്ങളിലേക്ക് പുതിയ നിയമനങ്ങൾ വരാനിരിക്കെ കൊടിക്കുന്നിൽ സുരേഷിന്റെ ആവശ്യം രാഷ്ട്രീയമായും ശ്രദ്ധേയമായിരിക്കുകയാണ്.


