തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയാൻ സർക്കാരിന് കഴിഞ്ഞതായി കൃഷി മന്ത്രി ടി. സിദ്ദിഖ്. കൃത്രിമ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ശക്തമായ ഇടപെടൽ നടത്തിയെന്നും ശബരിമല സീസണിലും സമാനമായ ഇടപെടൽ തുടരുമെന്നും മന്ത്രി പറഞ്ഞു.
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 2,000 ഓണച്ചന്തകൾ വിജയകരമായി സംഘടിപ്പിച്ചതായും മന്ത്രി അറിയിച്ചു. നാട്ടിൽ ഉത്പാദിപ്പിച്ച കാർഷിക വിളകൾ നേരിട്ട് വിപണിയിലെത്തിക്കാൻ കഴിഞ്ഞത് ഓണക്കാലത്ത് വലിയ നേട്ടമായെന്നും അദ്ദേഹം പറഞ്ഞു.
ഓണച്ചന്തകളിലൂടെ കർഷകരിൽ നിന്ന് 14.25 കോടി രൂപയുടെ ഉത്പന്നങ്ങൾ സംഭരിച്ചതായും ഇതിലൂടെ 14,212 കർഷകർക്ക് പ്രയോജനം ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. അക്കൗണ്ട് വിവരങ്ങളിലെ അപാകതയെ തുടർന്ന് 202 കർഷകർക്ക് 3.09 ലക്ഷം രൂപ നൽകാനുണ്ടെന്നും തുക ഉടൻ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
സീസൺ സമയത്ത് കച്ചവടക്കാരും ഇടനിലക്കാരും വില ഉയർത്താൻ ശ്രമിക്കാറുണ്ടെന്നും ഇത് കൃത്രിമ വിലക്കയറ്റത്തിന് കാരണമാകുന്നുവെന്നും മന്ത്രി ആരോപിച്ചു. ഇത്തരം പ്രവണതകൾ തടഞ്ഞ് വില നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം നെൽകർഷകർ ക്ക് 1,051.34 കോടി രൂപ നൽകിയതായും മന്ത്രി അറിയിച്ചു. നെല്ലിന്റെ വില കൃത്യമായി നിർണയിക്കാൻ സർക്കാരിന് കഴിഞ്ഞെന്നും ബാക്കിയുള്ള തുക ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൃഷി വകുപ്പിന് കീഴിലുള്ള ഫാമുകളിൽ ആവശ്യമെങ്കിൽ പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് മാതൃക നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഫാം ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതും സർക്കാർ പരിഗണനയിലുണ്ടെന്നും ടി. സിദ്ദിഖ് കൂട്ടിച്ചേർത്തു.











