കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാർ ആശുപത്രിയിൽ വ്യാജ സ്റ്റാമ്പ് തട്ടിപ്പ്. കേസിൽ ഈജിപ്ഷ്യൻ പ്രവാസിയെയും കുവൈത്തി വനിതയെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് സെക്ടറിന് കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
സർക്കാർ ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഈജിപ്ഷ്യൻ പ്രവാസിയെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് നിരവധി വ്യാജ സർക്കാർ സ്റ്റാമ്പുകൾ പിടിച്ചെടുത്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന കുവൈത്തി വനിതയിലേക്ക് അന്വേഷണം നീണ്ടത്. ഇവരെയും പിന്നീട് അറസ്റ്റ് ചെയ്തു. പരിശോധനയിൽ വനിതയിൽ നിന്ന് കൂടുതൽ വ്യാജ സർക്കാർ സ്റ്റാമ്പുകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
പണം വാങ്ങി വ്യാജ സ്റ്റാമ്പുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയതിനിടെയാണ് വനിതയെ തെളിവുകളോടെ പിടികൂടിയതെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക ഇടപാടുകളിൽ വ്യാജ സ്റ്റാമ്പുകൾ ഉപയോഗിക്കുകയും യഥാർത്ഥ സ്റ്റാമ്പുകൾ പിന്നീട് വീണ്ടും ഉപയോഗിക്കുന്നതിനായി മാറ്റിവയ്ക്കുകയും ചെയ്തിരുന്നതായി ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചതായും അധികൃതർ വ്യക്തമാക്കി.
നേരത്തെ പൂർത്തിയാക്കിയ രേഖകളിൽ പതിച്ചിരുന്ന യഥാർത്ഥ സർക്കാർ സ്റ്റാമ്പുകൾ നീക്കം ചെയ്ത് പുതിയ ഇടപാടുകളിൽ വീണ്ടും ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതിലൂടെ സർക്കാരിന് ലഭിക്കേണ്ട ഫീസ് തട്ടിയെടുത്തെന്നാണ് ആരോപണം.
കേസുമായി ബന്ധപ്പെട്ട വ്യാജ സ്റ്റാമ്പുകളും മറ്റ് തെളിവുകളും അധികൃതർ പിടിച്ചെടുത്തു. അറസ്റ്റിലായ ഇരുവരെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


