മലപ്പുറം: മഞ്ചേരിയിൽ വൻ എംഡിഎംഎ വേട്ട. മയക്കുമരുന്ന് വിൽപ്പന സംഘത്തിനെതിരായി മഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വൻതോതിൽ എംഡിഎംഎ പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ നിന്നാണ് മഞ്ചേരി പൊലീസ് പ്രതികളെ പിടികൂടിയത്. പിടിയിലായ രണ്ട് പേർ മലപ്പുറം സ്വദേശികളും ഒരാൾ വയനാട് സ്വദേശിയുമാണ്. സംസ്ഥാനത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിലൊന്നാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എംഡിഎംഎ എത്തിച്ചിരുന്ന വൻ ലഹരിമരുന്ന് സംഘത്തെയാണ് അന്വേഷണത്തിലൂടെ പൊലീസ് പിടികൂടിയത്. സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്. 10 കോടിയോളം വില വരുന്ന രാസലഹരിയാണ് പിടിച്ചെടുത്തിരിക്കുന്നത്. മഞ്ചേരിയിൽ നേരത്തെ 97 ഗ്രാമോളം എംഡിഎഎയുമായി ആറ് പേര് പിടിയിലായിരുന്നു. ഓഗസ്റ്റ് ആറിനായിരുന്നു ഇത്. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് പത്ത് കിലോ എംഡിഎംഎ പിടികൂടിയിരിക്കുന്നത്. ഈ കേസിൽ സോഴ്സ് അന്വേഷിച്ചുള്ള നീക്കത്തിലാണ് പ്രതികളിലേക്ക് എത്തിയത്.


