കൊച്ചി: സ്‌പൈസ് ജെറ്റ് വിമാനം വൈകിയതോടെ കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാർ ദുരിതത്തിൽ. ഇന്ന് രാവിലെ 11.45ന് കൊച്ചിയിൽ നിന്ന് ഫുജൈറയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത്. വിമാന സർവീസുകൾ തുടർച്ചയായി വൈകുന്ന സാഹചര്യത്തിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് വീണ്ടും വിമാനം വൈകുന്നത്.
ഇന്ന് പുലർച്ചെ 12.25ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം രാവിലെ 9.40നാണ് സർവീസ് നടത്തിയത്. സർവീസ് വൈകാനുള്ള കാരണം വിമാനക്കമ്പനി അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
രാവിലെ 11.45ന് പുറപ്പെടേണ്ടിയിരുന്ന ഫുജൈറ വിമാനം അവസാന നിമിഷമാണ് റീഷെഡ്യൂൾ ചെയ്തത്. എന്നാൽ പുതുക്കിയ പുറപ്പെടൽ സമയം സംബന്ധിച്ച് യാത്രക്കാർക്ക് കൃത്യമായ വിവരം നൽകാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് പരാതി.
സ്‌പൈസ് ജെറ്റ് വിമാനങ്ങൾ തുടർച്ചയായി വൈകുന്നതും റദ്ദാക്കുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ നെടുമ്പാശ്ശേരി വിമാനത്താവള അധികൃതർ നേരത്തെ വിഷയത്തിൽ ഇടപെട്ടിരുന്നു. സർവീസ് മുടങ്ങുന്നതിനെതിരെ സിയാൽ സ്‌പൈസ് ജെറ്റിന് ഔദ്യോഗികമായി നോട്ടീസ് നൽകുകയും പത്രക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു.
എന്നാൽ മുന്നറിയിപ്പുകൾക്ക് ശേഷവും വിമാന സർവീസുകളിലെ കാലതാമസത്തിൽ കാര്യമായ മാറ്റമില്ലെന്നാണ് പുതിയ സംഭവവും വ്യക്തമാക്കുന്നത്. അവസാന നിമിഷം വിമാനം റീഷെഡ്യൂൾ ചെയ്യുന്നതും റദ്ദാക്കുന്നതും യാത്രക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്.
ജോലി ആവശ്യങ്ങൾക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി യുഎഇയിലേക്ക് പോകേണ്ട യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ ലഭിക്കാത്തത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് വ്യക്തമായ അറിയിപ്പ് ലഭിക്കാത്തതിലും യാത്രക്കാർ പ്രതിഷേധത്തിലാണ്.



